ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനി റെനി ജോസഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റി വോളീബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

റെനി ജോസഫ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥിനി റെനി ജോസഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റി വോളീബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈയില്‍ ജര്‍മിനിയില്‍ വെച്ച് നടക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമില്‍ ഇടം നേടിയ റെനി ജോസഫ് പാലക്കാട് സ്വദേശിനിയാണ്. സെന്റ് ജോസഫ്സ് കോളജില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അക്കാദമിയിലൂടെ മുന്‍ പരിശീലകന് സഞ്ജയ് ബാലികയുടെ കീഴില്‍ പത്താംക്ലാസ് മുതല്‍ റെനി പരിശീലനം ആരംഭിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലക എസ്. നിമ്മിയാണ് നിലവില്‍ കോച്ച്. നിരവധി മത്സരങ്ങളില്‍ കേരളത്തെയും കാലിക്കട്ട് യൂണിവേഴ്സിറ്റിയെയും റെനി പ്രതിനിധീകരിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശി കുംഭലോലിക്കല് റെജി ജോസ്, ബിന്ദു റെജി ദമ്പതികളുടെ നാല് മക്കളില്‍ ഒരാളാണ് റെനി. മൂത്ത സഹോദരി റെബിറ്റി ജോസഫ് വോളിബോള്‍ താരവും സെന്റ് ജോസഫ്സ് കോളജില്‍ പിജി വിദ്യാര്‍ഥിനിയുമാണ്.
ജര്‍മനിയില്‍ വെച്ചു നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം രൂപയോളം ചെലവു വരും. താരങ്ങള്‍ത്തന്നെയാണ് ഈ തുക കണ്ടെത്തേണ്ടത്. സെന്റ് ജോസഫ്സ് കോളജും, കാലിക്കട്ട് യൂണിവേഴ്സിറ്റിയും നല്കുന്ന സാമ്പത്തിക സഹായം കൊണ്ടു മാത്രം പങ്കെടുക്കല്‍ സാധ്യമാവില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന റെനിയും കുടുംബവും സന്മനസുള്ളവരുടെ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്.