കൂടല്‍മാണിക്യം ഉത്സവം; ആദ്യശീവേലി, പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന ആദ്യ ശീവേലി എഴുന്നള്ളിപ്പ്.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു. പ്രഗത്ഭ മേളകലാകാരനായ രാജീവ് വാരിയരുടെ പ്രമാണത്തിലായിരുന്നു ആദ്യ ശീവേലിമേളം. രാവിലെ ആചാര പ്രദക്ഷിണങ്ങള്‍ക്ക് ശേഷം 8.30 ന് നടന്ന ആദ്യശീവേലി പഞ്ചാരിമേളത്തിന് തുടക്കം കുറിച്ചു. ഇടയ്ക്കയും തിമിലയും ചെണ്ടയും തവിലിലും കൊട്ടിത്തീര്‍ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകി.
രാവിലത്തെ അനാര്‍ഭാടമായ നാലു പ്രദക്ഷിണത്തിനു ശേഷം പഞ്ചാരിമേളത്തിന്റെ പതികാലത്തിന്റെ ആദ്യസ്പന്ദനം പൊട്ടിത്തെറിക്കുന്നതോടെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നാദപ്രപഞ്ചത്തിന് നാന്ദി കുറിക്കുകയായി. ചൈത്രം അച്ചു ആദ്യശീവേലിക്ക് ഭഗവാന്റെ തിടമ്പേറ്റി. ആദ്യശീവേലി ആസ്വദിക്കാന്‍ രാവിലെ മുതല്‍ തന്നെ സംഗമസന്നിധിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി.
കിഴക്കേ നടപ്പുരയില്‍ പഞ്ചാരിയുടെ പതികാലവും തെക്കേനടയില്‍ രണ്ടാംകാലവും കൊട്ടിയശേഷം പടിഞ്ഞാറേ നടപ്പുരയില്‍ മൂന്നും നാലും അഞ്ചും കാലം കൊട്ടിക്കലാശിച്ചു. തുടര്‍ന്ന് രൂപകം കൊട്ടി വടക്കേനടയില്‍ ചെമ്പടമേളത്തിലേക്ക് കടന്നു. ചെമ്പടയില്‍ വകകൊട്ടല്‍ ഇരിങ്ങാലക്കുട ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്. തുടര്‍ന്ന് കിഴക്കേനടയിലെത്തി ചെമ്പടമേളം കൊട്ടിക്കലാശിച്ചതോടെ ആദ്യശീവേലിക്ക് സമാപനമായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് രാജീവ് വാരിയര്‍ പ്രമാണം വഹിച്ചു.
