മോഡല്‍ പോളിടെക്നിക് കോളജില്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു

കെ.കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസിന്റെ പ്രവര്‍ത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
കല്ലേറ്റുംകര: കെ.കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജില്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസിന്റെ പ്രവര്‍ത്തനോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യഥാര്‍ത്ഥ വ്യവസായ അന്തരീക്ഷം സൃഷ്ടിച്ച് വിദ്യാര്‍ഥികളില്‍ പ്രായോഗിക പരിജ്ഞാനം വളര്‍ത്തുവാനും, സംരംഭകത്വം ഉളവാക്കുവാനും വേണ്ടി രൂപകല്പന ചെയ്ത പ്രോഗ്രാമാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്. വിദ്യാര്‍ഥികളില്‍ വ്യാവസായിക സംസ്കാരം രൂപപ്പെടുത്തുകയാണ് ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസിന്റെ ലക്ഷ്യം.
പ്രാരംഭഘട്ടത്തില്‍ ഇരിങ്ങാലക്കുട ബ്രയിറ്റ്നര് പവര്‍ കണ്ട്രോള് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി സഹകരിച്ച് യുപിഎസ്, ഇന്‍വെര്‍ട്ടര്‍ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണം, ഗുണ പരിശോധന എന്നീ ജോലികള്‍ ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് യൂണിറ്റിന്റെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചെയ്തു നല്‍കും. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് കോളജില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍,
കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, റോബോട്ടിക് പ്രോസസ്സിംഗ് ആന്‍ഡ് ഓട്ടോമേഷന്‍ എന്നീ ബ്രാഞ്ചുകളിലെ വിദ്യാര്ഥികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് യൂണിറ്റിന്റെ വിപുലമായ പ്രവര്‍ത്തനമാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ. അരുണ്‍ കുമാര്‍, നിപ്മര്‍ ഡയറക്ടര്‍ സി. ചന്ദ്രബാബു, തൃശൂര്‍ ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ ടി.ആര്. മായ തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജിംഗ് ഡയറക്ടര്‍ എസ്. ഷീബ, ഷീന്‍ ആന്റണി, രതിസുരേഷ്, ആര്. ആശ, പി.എ. സാബു, വര്‍ഗ്ഗീസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു.