നാശം വിതച്ച് കനത്ത മഴ; പൂമംഗലത്തും കാറളത്തും കിണറുകള്‍ ഇടിഞ്ഞു
ഇരിങ്ങാലക്കുട: ദിവസങ്ങളായി തുടരുന്ന മഴയില്‍ കാറളം പൂമംഗലം പഞ്ചായത്തുകളില്‍ കിണറുകള്‍ ഇടിഞ്ഞു. കാറളം പഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ വട്ടപ്പറമ്പില്‍ ജ്യോതി, കണ്ടംകുളത്തി ഈനാശു എന്നിവര്‍ പൊതുവായി ഉപയോഗിക്കുന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാറളം പഞ്ചായത്തില്‍ തന്നെ എട്ടാം വാര്‍ഡില്‍ കിഴുത്താണി പട്ടാട്ട് വീട്ടില്‍ മിഥുന്റെ വീട്ടുകിണറും ഇടിഞ്ഞിട്ടുണ്ട്. കിണര്‍ ഇടിഞ്ഞ സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജല അഥോറിറ്റിയില്‍ നിന്നുള്ള കണക്ഷന് നല്കാന് നടപടികളായിട്ടുണ്ട്. മഴയില്‍ കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള വേലാങ്കുളത്തിന്റെ മതില് ഇടിഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു പഞ്ചായത്തില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ചതാണിത്. പൂമംഗലം പഞ്ചായത്തില്‍ എടക്കുളം അഞ്ചാം വാര്‍ഡില്‍ ഊക്കന്‍ ചക്കാലപറമ്പില്‍ മാത്യു പോള്‍സന്റെ വീട്ടിലെ കിണറും ഇടിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. ഇരിങ്ങാലക്കുട നഗരസഭയില്‍ ജവഹര്‍ നഗറിലെ 21 വീടുകളില്‍ വെള്ളം കയറി. വീടുകള്‍ക്കു പിറകിലൂടെ പോകുന്ന തോട് വൃത്തിയാക്കാതിരുന്നതാണു വെള്ളം കയറാന്‍ കാരണമെന്നു വീട്ടുകാര്‍ പറഞ്ഞു. അയ്യങ്കാവ് മൈതാനം, മുനിസിപ്പല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും വെള്ളം കയറി. പനോലിത്തോടില് ചണ്ടി വന്നടിഞ്ഞു വെള്ളത്തിന്റെ നീരൊഴുക്ക് തടസപ്പെട്ടു. നഗരസഭയിലെ 35-ാം വാര്‍ഡില്‍ തുറുകായ് കുളം, നക്ഷത്ര റെസിഡന്‍സ് അസോസിയേഷന് എന്നീ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടെങ്കിലും എവിടെയും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ 29 വില്ലേജുകളും സജ്ജമാണെന്നു താലൂക്ക് അധികൃതര്‍ അറിയിച്ചു.