പുനരുജീവനം കാത്ത് താഴേക്കാട് ചക്കംകുളം
താഴേക്കാട്: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ താഴേക്കാട് മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസായ താഴേക്കാട് ചക്കംകുളം ശോച്യാവസ്ഥയില്‍. 50 സെന്റ് വിസ്തൃതിയിലുള്ള കുളം പഞ്ചായത്തിലെ 15, 16 വാര്‍ഡുകളിലെ ജനങ്ങളാണ് ആശ്രയിച്ചിരുന്നത്. കുളം വറ്റിയതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. കാലങ്ങളായി അരികിലെ കല്ഭിത്തികള് തകര്‍ന്ന്, പായലും മാലിന്യങ്ങളും നിറഞ്ഞ് വൃത്തിഹീനമായ അവസ്ഥയിലാണ് കുളം. തുമ്പൂര്‍മുഴി വലതുകര കനാലില്‍നിന്നുള്ള വെള്ളമാണ് കുളത്തിലെത്തിയിരുന്നത്. മണ്ണിടിഞ്ഞ് കുളം നികന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. നവീകരണത്തിനായി 2019ല്‍ മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ കുളത്തിന്റെ എസ്റ്റിമേറ്റെടുത്ത് 50 ലക്ഷം അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വെള്ളം വരാതായതോടെ ജലനിരപ്പ് താഴ്ന്ന് കുളം ശോച്യാവസ്ഥയിലുമായി. കുളത്തില്‍നിന്ന് മണ്ണുനീക്കി വശങ്ങള് കെട്ടി പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവന്നാല്‍ നല്ലൊരു ജലസംഭരണിയാക്കി മാറ്റാനാകുമെന്നും പ്രദേശത്തെ കുടിവെള്ളപ്രശ്നത്തിന് അതിലൂടെ പരിഹാരമാകുമെന്നും വാര്‍ഡംഗം എം.എസ്. വിനയന് പറഞ്ഞു. ചക്കംകുളം നവീകരണത്തിന് ജില്ലാ പഞ്ചായത്തിനോട് ഫണ്ട് ആവശ്യപ്പെട്ട് കത്തുനല്കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ പറഞ്ഞു. അത് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ലഭിച്ചാല്‍ നവീകരണം വേഗത്തിലാക്കാനാകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.