ചീറിപ്പായുന്നു, ബൈക്കില്‍ പയ്യന്മാര്, ബ്രേക്കിടണം, ഈ മരണക്കളിക്കാര്ക്ക്
ഇരിങ്ങാലക്കുട: വാഹനങ്ങളുടെ അംഗീകൃത രൂപഘടനയില്‍ മാറ്റംവരുത്തുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി ശക്തമാക്കമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. രജിസ്ട്രേഷന് കഴിഞ്ഞാലുടന്‍ സൈലന്‍സര്‍ മാറ്റി വന്‍ ശബ്ദമുള്ള ഉപകരണങ്ങള്‍ ഘടിപ്പിക്കുക, ഹെഡ്ലൈറ്റ് മാറ്റം വരുത്തുക, മടക്കിവെക്കാവുന്നതും നമ്പര്‍ വ്യക്തമായി കാണാത്തതുമായ തീതിയില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുക എന്നിവയൊക്കെയാണ് പ്രധാന പരിപാടി ഇതിനായി പല വര്‍ക് ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ബുള്ളറ്റ്, സ്പോര്‍ട്സ് ബൈക്ക് ഗണത്തില്പ്പട്ട ഇരുചക്രവാഹനങ്ങളില്‍ സൈലന്‍സര്‍ മാറ്റി വന്ശബ്ദമുള്ള സൈലന്‍സര്‍ ഘടിപ്പിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. രൂപമാറ്റംകൊണ്ട് അമിതശബ്ദത്തിനുപുറമേ വന്‍തോതില്‍ പുകവമിപ്പിക്കുകയും ചെയ്യും. സാധാരണ 100 സിസിയുള്ള ഇരുചക്രരവാഹനങ്ങളില്പ്പോലും ഇത്തരത്തിലുള്ള രൂപമാറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാറ്റം ഈ വാഹനങ്ങളുടെ ശേഷിക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. ഫെഡ്ലൈറ്റ് മാറ്റുന്നതാണ് മറ്റൊരു പ്രശ്നം. രാത്രി സമയങ്ങളില്‍ എതിരേവരുന്ന വാഹനങ്ങള്‍ ഓടിക്കുന്നവരുടെ കണ്ണഞ്ചിപ്പിക്കുന്നതരത്തിലുള്ള ലൈറ്റുകളാണ് മാറ്റിഘടിപ്പിക്കുന്നത്. ഇതും അപകടങ്ങള്‍ക്ക് വഴിയൊരുക്കും.
ചീറിപായുന്ന ബൈക്കുകള്‍ ശ്രദ്ധയില്‍പെടാതെ വാഹനം അകലെയെന്ന് കരുതി റോഡ് മുറുച്ചുകടക്കാന് ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് സമീപം മിന്നല്‍വേഗത്തിലാണ് ഇത്തരം വാഹനങ്ങളെത്തുന്നത്. യാത്രക്കാര്‍ വിരണ്ടുപോകുന്നതും അപകടങ്ങള്‍ സംഭവിക്കുന്നതും പതിവ്. അതിവേഗത്തില്‍ പോകുന്ന ഇത്തരം വാഹനങ്ങളെ തടയാന്‍ ശ്രമിക്കുന്നതും പിന്തുടരുന്നതും അപകടത്തിന് കാരണമാകുമെന്നതിനാല്‍ ഇവയെ പോലീസോ വാഹന വകുപ്പോ തടയാന്‍ മുതിരാറില്ല. അതിനാല്‍ കണ്മുന്നില് കണ്ടാലും പോലീസ് നിസഹായരാണ്.
മോട്ടോര്‍വാഹന വകുപ്പിന്റെ കാമറക്കണ്ണുകളില്പ്പെടാതെയാണ് റോഡിലെ അഭ്യാസങ്ങള്‍. ബൈക്കുകളില്‍ പാഞ്ഞുനടക്കുന്നവരിലെറെയും 18 നും 24 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ്. മേഖലയില്‍ ശക്തമായി വരുന്ന മയക്കുമരുന്ന് ലോബിയുമായും ഇവരില്‍ പലര്‍ക്കും ബന്ധമുണ്ടെന്നാണ് സൂചന. സൂപ്പര്‍ ബൈക്കുകളുമായി റോഡില്‍ മരണക്കസര്ത്തു നടത്തുന്നവര്‍ മാന്യമായി വാഹനമോടിക്കുന്നവര്‍ക്കും ഭീഷണിയാണ്. സെക്കന്‍ഡുകള്‍കൊണ്ട് നൂറുകിലോീറ്റര് വേഗത്തിലേക്കു കുതുച്ചുപായാന് കഴിയുന്ന ഇത്തരം ബൈക്കുകള്‍ അനുദിനം കൂടുകയാണ്. കുട്ടിസാഹസികന്മാരാണു ബൈക്ക് ചേസിംഗ്, ബൈക്ക് സ്റ്റണ്ട് എന്നിവയെല്ലാം നിര്‍ബന്ധം തുടരുന്നത്.
നമ്പര്‍ പ്ലേറ്റിലെ രൂപമാറ്റവും നമ്പറില്ലാ ബൈക്കുകളും
നമ്പര്‍ പ്ലേറ്റിന്റെയും അതിലെ എഴുത്തിന്റെയും വലിപ്പം കുറച്ചുകൊണ്ടും കബളിപ്പിക്കുന്നുണ്ട്. ബൈക്കുകളുടെ പിന്നിലെ നമ്പര്‍പ്ലേറ്റ് മുകളിലേക്കു മടക്കി വച്ചു കാഴ്ചയില്‍നിന്നു മറച്ച ശേഷമാണു യുവാക്കളും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും കുതിച്ചു പായുന്നത്. ചിലര്‍ നിരത്തിലെ റേസിംഗ് വേളകളില്‍ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റുന്നുണ്ട്. വായിക്കാനാകാത്ത വിധത്തില്‍ ചെറുതായും കലാപരമായും രജിസ്ട്രഷന് നമ്പര്‍ എഴുതി നിരത്തില്‍ അഭ്യാസത്തിനിറങ്ങുന്ന വരുമുണ്ട്.
സാഹസിക പ്രകടനങ്ങള്‍ക്കിടെ അപകടങ്ങളും മരണവും പതിവാണ്. റോഡ് നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിക്കുവന്നവര്ക്കാണു ഇത്തരക്കാര്‍ മൂലം പലപ്പോഴും പരുക്കും നഷ്ടവും സംഭവിക്കുന്നതെന്ന ഗതികേടുമുണ്ട്. വാഹന പരിശോധനയ്ക്കിടെ പോലീസ് കൈ കാണിക്കുമ്പോള്‍ നിര്‍ത്താതെ പോയാല്‍ നമ്പര്‍ നോക്കി ഉടമയെ കണ്ടെത്താതിരിക്കാനും അപകടമുണ്ടാക്കിയാല്‍ തിരിച്ചിയാതിരിക്കാനുമാണു പിന്നിലെ നമ്പര്‍ ഇളക്കി മാറ്റുകയോ മറയ്ക്കുകയോ ചെയ്യുന്നത്.