കര്‍ഷക സമരങ്ങളെ പിന്തുണച്ച് എസ്എസ്എഫ് ഐക്യദാര്ഢ്യവലയം സംഘടിപ്പിച്ചു
വെള്ളാങ്കല്ലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരങ്ങളെ പിന്തുണച്ച് എസ്എസ്എഫ് വെള്ളാങ്കല്ലൂര്‍ സെക്ടറിന്റെ ആഭിമുഖ്യത്തില്‍ പട്ടേപ്പാടത്ത് ഐക്യദാര്ഢ്യവലയം സംഘടിപ്പിച്ചു. ഐക്യദാര്ഢ്യവലയം സൈനുദ്ധീന്‍ കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. അവശ്യ വസ്തു നിയമ ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള സുപ്രധാനമായ നിയമത്തിലാണു ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുന്നത്. കടക്കെണിയും വിളനഷ്ടവും മൂലം ദുരിതക്കയത്തിലായ കര്‍ഷകര്‍ക്കു മേല്‍ ഇരുട്ടടിയായി മാറിയിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍കൊണ്ടു വന്ന പുതിയ കാര്‍ഷിക ബില്ലുകള്‍. വില വിപണി നിയന്ത്രണങ്ങളില്‍ നിന്നു സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങുക വഴി കോര്‍പ്പറേറ്റ് ശക്തികളുടെ അടിമവേലയിലേക്കു കര്‍ഷകരെ തള്ളിവിടുകയാണു ഭരണകൂടം ചെയ്യുന്നത്. നിര്‍ദ്ദിഷ്ട ബില്ലുകള്‍ക്കെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്കു പിന്തുണ നല്കേണ്ടതു ഓരോ ഇന്ത്യന്‍ പൗരന്റേയും ബാധ്യതയാണ്. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ സുപ്രധാന മേഖലകള്‍ മുഴുവന്‍ കോര്പ്പറേറുകള്ക്കു വീതംവെച്ച് നല്‍കുകയാണെന്നും സൈനുദ്ധീന്‍ കരൂപ്പടന്ന അഭിപ്രായപ്പെട്ടു. സെക്ടര്‍ പ്രസിഡന്റ് സാലിം ഫാളിലി കരൂപ്പടന്ന, സെക്രട്ടറി സവാദ് വെള്ളാങ്കല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്കി.