നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു സഹായഹസ്തവുമായി എന്‍എസ്എസ് വോളന്റിയര്‍മാര്‍
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ 2020-21 ലെ വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചതോടെ ഓണ്‍ലൈന്‍ പഠനരീതി സര്‍ക്കാര്‍ തെരഞ്ഞെടുക്കുകയായിരുന്നു. ധാരാളം നിര്‍ധനരായ കുടുംബങ്ങളെ ഇതു കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി. ഈ അവസരത്തിലാണു അര്‍ഹിക്കുന്ന ഒരു കുടുംബത്തിനെങ്കിലും ടെലിവിഷന്‍ നല്‍കുക എന്ന പദ്ധതിയുമായി ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ മുന്നോട്ടുവന്നത്. എന്നാല്‍ ഊര്‍ജ്ജസ്വലമായ ഇവരുടെ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ ഇവരില്‍ നിന്നെല്ലാം പണം സമാഹരിച്ച് ഒറ്റ ദിവസം കൊണ്ടുതന്നെ നിര്‍ധനരായ അഞ്ചു വിദ്യാര്‍ഥികള്‍ക്കു ടെലിവിഷന്‍ നല്കാന് സാധിച്ചു. പഞ്ചായത്ത് അധികൃതരുടെയും സ്കൂള്‍ അധികൃതരുടെയും സഹായത്തോടെയാണു അര്‍ഹരായ അഞ്ചു കുടുംബങ്ങളെ കണ്ടെത്തിയത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ഫിലിപ്പ് ലൂക്ക്, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ എ.കെ. സുകൃത എന്നിവരാണു ഈ പദ്ധതിക്കു നേതൃത്വം നല്‍കിയത്. ലോക്ക് ഡൗണ്‍ കാലമായിട്ടുപോലും ഏതു പ്രതികൂല സാഹചര്യങ്ങളിലും മറ്റുള്ളവര്‍ക്കു നന്മ ചെയ്യാന്‍ കഴിയുമെന്നാണു ഈ വിദ്യാര്‍ഥികള്‍ ലോകത്തിനു പ്രവര്‍ത്തിച്ചു കാണിക്കുന്നത്.