മിനി സിവില്‍ സ്റ്റേഷന് വളപ്പിലെ മണ്ണുകടത്ത്: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പരാതി
ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് വളപ്പില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തു നിന്നു കടത്തികൊണ്ടുപോയ മണ്ണ് തിരിച്ചു കൊണ്ടിടണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ പരാതി. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോടാണു പരാതിയുമായി ഹൈക്കോടതി രജിസ്ട്രാറെ (വിജിലന്‍സ്) സമീപിച്ചിരിക്കുന്നത്. സിവില്‍ സ്റ്റേഷനു സമീപത്തു നിര്‍മിക്കുന്ന കോര്‍ട്ട് കോംപ്ലക്സിന്റെ നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന മണ്ണാണു ഈ വര്‍ഷം ആദ്യം അനധികൃതമായി പുറത്തേക്കു കൊണ്ടുപോയത്. ഇതിനെതിരെ ഷിയാസ് തഹസില്‍ദാര്‍ക്കും ജില്ലാ കളക്ടര്‍ക്കും പോലീസിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്നു തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പൊറത്തിശേരി കലാസമിതിക്കു അടുത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കാണു ചെളിമണ്ണ് മാറ്റിയിരിക്കുന്നതെന്നു കണ്ടെത്തി. തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന് അടങ്ങുന്ന സംഘമാണു മണ്ണ് അനധികൃതമായി കൂട്ടിയിട്ടിരിക്കുന്നതു കണ്ടെത്തിയത്.
നിലവില്‍ 50 ലോഡ് മണ്ണാണു കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്. എന്നാല്‍, അത്രയും തന്നെ മണ്ണ് അവിടെ നിന്നു കടത്തിയിട്ടുണ്ടെന്നും ഇതു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും ഷിയാസ് പറഞ്ഞു. തഹസില്‍ദാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണ്ണ് തിരിച്ചെത്തിച്ചു സിവില്‍ സ്റ്റേഷന് വളപ്പില്‍ സൂക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നു പരാതിയില്‍ ആരോപിക്കുന്നു.
പുലര്‍ച്ചെ നാലു മുതല്‍ ആറു വരെയുള്ള സമയങ്ങളിലും അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണു ടിപ്പറുകളില്‍ മണ്ണ് കടത്തിയിരുന്നത്. നൂറുകണക്കിനു ലോഡ് മണ്ണാണു ഇതുപോലെ കടത്തിയതായി ആരോപിക്കുന്നത്. ഇതുമൂലം സര്‍ക്കാരിനു ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണു സംഭവിച്ചത്. മണ്ണ് നീക്കാന്‍ പൊതുമരാമത്തു വകുപ്പ് കരാറുകാരനു സമ്മതപത്രം നല്‍കിയിട്ടുണ്ട്. എന്നാല്‍, മണ്ണ് എടുക്കുന്നതിനു മുമ്പു അതിന്റെ അളവ് തിട്ടപ്പെടുത്തുകയോ ഏതു വാഹനത്തിലാണു നീക്കം ചെയ്യുന്നതെന്നോ വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.