‘മഴ പെയ്യരുതേ ദൈവമേ!’ പാതി തകർന്നു ചോർന്നൊലിക്കുന്ന കൂരയ്ക്ക് കീഴെ പ്രാർത്ഥനയോടെയാണ് ഷൈജനും കുടുംബവും
- താങ്ങാനാവില്ല, ഈ കുടുംബത്തിലെ കരള് പിളരും കാഴ്ചകള്, കനിയണം ഇവരുടെ ജീവിതത്തിനൊരു കൈത്താങ്ങ്
- പള്ളി കനിഞ്ഞു. അധികൃതര് തിരിഞ്ഞു നോക്കിയില്ല….
ഷോബി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ഈ ദുരിതം എന്നു തീരും അപ്പച്ചാ….ചോർന്നൊലിക്കുന്ന കൂരക്കുള്ളിൽ നിന്നും അഞ്ചിലും ഒന്നിലും പഠിക്കുന്ന റോസ്മിയുടെയും റോഷന്റെയും ചോദ്യമാണിത്. ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് മനസു തൊടുന്ന വേദനയോടെ പിതാവ് പറഞ്ഞു, എല്ലാം ശരിയാകും മക്കളെ… മാനത്ത് കാർമേഘങ്ങൾ കാണുമ്പോഴൊക്കെയും ഷൈജനും കുടുംബവും ആധിയുടെ പെരുമഴയത്താകും. അരക്ഷിതാവസ്ഥയുടെ ആധിയാണത്. ആഞ്ഞൊരു കാറ്റ് വീശീയാൽ, മഴയൊന്നു തിമിർത്തു പെയ്താൽ നിലംപതിക്കും ആ വീട്. പഴകിക്കീറിയ പ്ലാസ്റ്റിക് ഷീറ്റുകളും പനമ്പും ദ്രവിച്ച കഴുക്കോലുകളും പട്ടികകളും കൊഴിഞ്ഞു വീഴുന്ന ഓടുകളുമുള്ള വീടിനു ഇനിയുമൊരു മഴക്കാലം അതിജീവിക്കാൻ സാധിക്കുമോ എന്നു ചോദിച്ചാൽ കണ്ണീർ മാത്രമായിരിക്കും എന്നാണു ഈ കുടംുബത്തിന്റെ മറുപടി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇഴജന്തുക്കളും ഈ വീട്ടിലേക്കു ചേക്കേറുന്ന സ്ഥിതി. പാമ്പിന്റെ ശല്യമുണ്ടാകുന്നതിനാൽ പല രാത്രികളിലും കൊച്ചുകുട്ടികളടക്കമുള്ളവർ ഉറങ്ങാതെ ഉണർന്നിരിക്കും. സാംസ്കാരിക നഗര ജീവിതത്തിൽനിന്നും ഏറെ ദൂരെയല്ല ഈ കനലെരിയുന്ന കാഴ്ചകൾ. പൂമംഗലം പഞ്ചായത്തിൽ ഒന്നാം വാർഡിൽ നിന്നാണു ഈ കാഴ്ച. ഷൺമുഖം കനാലിനരികിൽ ചുമരുകൾ വിണ്ട ഓലപ്പുരയിൽ മക്കളേയും ചേർത്തുപിടിച്ചു കിടക്കുന്ന ഷൈജന്റെ ഉള്ളിൽ തീയാണ്. വീടിന്റെ തറ വരെ ഇടിഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും മൂന്നു വർഷമായി ചേലൂർ പള്ളി ദാനമായി നല്കിയ സ്ഥലത്തു വീടുവെയ്ക്കാൻ അനുമതി തേടുകയാണു ഷൈജൻ. പൂമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കനാലിന്റെ തെക്കേ ബണ്ടിൽ അഞ്ചു സെന്റ് ഭൂമിയിലാണു പെയിന്റിംഗ് തൊഴിലാളിയായ കൂനമ്മാവ് ഷൈജനും കുടുംബവും താമസിക്കുന്നത്. ഭാര്യ ജോസ്മിയും അഞ്ചിലും ഒന്നിലും പഠിക്കുന്ന റോസ്മി, റോഷൻ എന്നീ മക്കളുമാണിവിടെ കഴിയുന്നത്. ഷൈജന്റെ കുടുംബത്തിന്റെ ദുരവസ്ഥ കണ്ടു 2017 ൽ ചേലൂർ സെന്റ് മേരീസ് പള്ളി പൂമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ തന്നെ മൂന്നു സെന്റ് സ്ഥലം ഇഷ്ടദാനമായി എഴുതി നല്കി. പൂമംഗലം പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി അപേക്ഷ തള്ളി. ഹൈക്കോടതിയുടേയും ജില്ലാ കളക്ടറുടേയും ഉത്തരവുണ്ടെന്നും വെള്ളം കെട്ടികിടക്കുന്ന സ്ഥലമാണെന്നുമറിയിച്ചാണു അപേക്ഷ തള്ളിയത്. മഴകാലത്താണു സ്ഥലം നോക്കാൻ ഉദ്യോഗസ്ഥരെത്തിയതെന്നാണു ഷൈജന്റെ പരാതി. വീടു വെക്കാൻ അനുമതി തേടി കളക്ടറടക്കം എല്ലാവരേയും കണ്ടു അപേക്ഷകൾ നല്കിയിട്ടുണ്ടെന്നു ഷൈജൻ പറഞ്ഞു. ചോർന്നൊലിക്കുന്ന ഓലമേഞ്ഞ വീടിനു മുകളിൽ നാട്ടുകാരിൽ ഒരാൾ നല്കിയ നീല ഷീറ്റ് മേഞ്ഞാണു മഴക്കാലത്തെ ചെറുക്കുന്നത്. വീടിന്റെ 50 മീറ്റർ പടിഞ്ഞാറുമാറിയാണു രണ്ടു വർഷം മുമ്പു ഷൺമുഖം കനാലിന്റെ ബണ്ടു റോഡ് അടക്കം 25 മീറ്റർ ഇടിഞ്ഞുപോയത്. ഓൺലൈൻ പഠനത്തിനായി റോസ്മിക്കു സ്കൂളിൽ നിന്നു സ്മാർട്ട് ടിവി നല്കിയെങ്കിലും അടച്ചുറപ്പുള്ള ഒരു സ്ഥലം പോലുമില്ലാത്തതിനാൽ ടിവി പായ്ക്കറ്റ് പൊട്ടിക്കുക പോലും ചെയ്തിട്ടില്ല.