വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജില്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു
പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കി വ്യവസായ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുക, അധ്യാപകരുടെ ഗവേഷണ ഫലങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുത്തുക, പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ പ്രവേശനത്തിനു ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുക, തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണു കോളജില്‍ ആരംഭിച്ച ഇന്‍ക്യുബേഷന്‍ സെന്ററിലൂടെ നടപ്പിലാക്കുന്നത്. ഇന്‍ക്യുബേഷന്‍ സെന്ററില്‍ നിന്നുള്ള ആദ്യ കമ്പനിയായി ഉദ്ഘാടനം ചെയ്ത സ്കില്‍ ജനിക്സിലൂടെ വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്കു ആവശ്യമായ വെബ് ഡിസൈനിംഗ്, സോഫ്റ്റ്വെയര് ഡെവലപ്മെന്റ് എന്നീ സേവനങ്ങള്‍ ലഭിക്കും. സ്കില്ജനിക് കമ്പനിയുടെ ഉദ്ഘാടനം ഐസിടി കേരള അക്കാദമി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സന്തോഷ് കുറുപ്പ് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഇന്‍ക്യുബേഷന്‍ സെന്റര്‍ യൂണിവേഴ്സല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്മാന് പി.കെ. സലിം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.