ബോയ്സ് സ്കൂളില്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ ആസ്ഥാനമന്ദിരം നിര്‍മാണം തടയാനാണ് പിടിഎയും ഒഎസ്എയും ശ്രമിക്കുന്നത്: നഗരസഭ ഭരണനേതൃത്വം
എതിര്‍ക്കുന്നവരുടെ ആശങ്കകള്‍ ദുരീകരിച്ചതാണെന്ന് ചെയര്‍പേഴ്സണ്‍
ഇരിങ്ങാലക്കുട: ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ ആസ്ഥാനമന്ദിരം നിര്‍മാണത്തിനായി സര്‍ക്കാരില്‍ നിന്നു എല്ലാ അനുമതിയും ലഭിച്ചു കഴിഞ്ഞതാണെന്നും കെട്ടിട നിര്‍മാണം തടയാനാണു സ്കൂള്‍ പിടിഎയും ഒഎസ്എയും ശ്രമിക്കുന്നതെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു. എതിര്‍പ്പ് ഉന്നയിക്കുന്നവരുടെ ആശങ്കകള്‍ പലതവണ യോഗം വിളിച്ചു ദുരീകരിച്ചതാണെന്നും മന്ദിരം യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ചെയര്‍പേഴ്സണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2016 ല്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു അനുവദിച്ച 50 ലക്ഷം രൂപ കൊണ്ടു രണ്ടായിരം ചതുരശ്ര അടിയുള്ള കെട്ടിടമാണു നിര്‍മിക്കുന്നത്. സ്കൂള്‍ ഗ്രൗണ്ടിന്റെ വടക്ക് പടിഞ്ഞാറായിട്ടാണു കെട്ടിടം നിര്‍മിക്കുന്നതെന്നും താലൂക്ക് സര്‍വെയര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്നായര്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കുര്യന് ജോസഫ്, ബിജു ലാസര്‍, കൗണ്‍സിലര്‍ ബേബി ജോസ് കാട്ടഌ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ കെ.ഡി. ജയപ്രകാശ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.