കോവിഡ് കണക്കെടുപ്പ് രൂപകല്‍പ്പനയുമായി യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: നഗരസഭയിലെ 41 വാര്‍ഡുകളിലെ കോവിഡ് സംബന്ധമായ കണക്കെടുപ്പിന് ആപ്ലിക്കേഷന്‍ രൂപകല്‍പ്പനയുമായി വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍. നഗരസഭ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്പേഴ്സന് നിമ്യ ഷിജു ആപ്ലിക്കേഷന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്, നഗരസഭ സെക്രട്ടറി കെ.എസ്. അരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കുരിയന്‍ ജോസഫ്, കൗണ്‍സിലര്‍മാരായ സോണിയഗിരി, കെ. കെ. അബ്ദുള്ളകുട്ടി, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജോസ് കെ. ജേയ്ക്കബ്ബ്, കോളേജ് മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയര്മാന് പി.കെ. സലീം തുടങ്ങിയവര്‍ പങ്കെടുത്തു. ഈ ആപ്ലിക്കേഷന്‍ വഴി വാര്‍ഡ് അടിസ്ഥാനത്തിലുള്ള ഓരോ കണ്‍വീനര്‍മാര്‍ക്ക് അതാത് വാര്‍ഡിലെ ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം, മരണനിരക്ക്, രോഗമുക്തി നേടിയവരുടെ എണ്ണം എന്നിവ രേഖപ്പെടുത്താം. അത് കൂടാതെ അവരുടെ നേതൃത്വത്തിലുള്ള വാര്‍ഡിലെ വിവരങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കായുള്ള ഉത്തരങ്ങളും കണ്‍വീനര്‍ക്ക് രേഖപ്പെടുത്താം. ആപ്ലിക്കേഷന്‍ അഡ്മിന് നഗരസഭയിലെ മൊത്തം വാര്‍ഡിലേയും വിവരങ്ങള്‍ സൂക്ഷിക്കുകയും കണ്‍വീനര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാം. നഗരസഭയിലെ ഓരോ ദിവസത്തെയും രോഗവ്യാപനത്തിന്റെ കണക്കെടുപ്പ് സൂക്ഷിക്കുവാനും അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കുവാനും വളരെ സഹായകമാണ് ഈ ആപ്ലിക്കേഷന്‍. നഗരസഭയിലെ ആരോഗ്യവിഭാഗത്തിനുവേണ്ടി ആപ്ലിക്കേഷന്‍ നിര്‍മിച്ച കോളജിലെ കമ്പ്യൂട്ടര്‍ വിഭാഗം മേധാവി ടി.എസ്. സനല്‍ കുമാര്‍, അധ്യാപകനായ കെ.എന്‍. ദീപക് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ വിഷ്ണു മുരളി, ജെയ്ഫര്‍, അഖില്‍ കുമാര്‍, അശ്വിന് ബാബു എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.