മാപ്രാണം നന്ദിക്കര റോഡ് നവീകരണത്തിന് 15.30 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്. ബിന്ദു
മാപ്രാണം: നന്ദിക്കര റോഡ് നവീകരണത്തിന് നബാര്‍ഡ് ധനസഹായത്തോടെ 15.30 കോടിയുടെ ഭരണാനുമതി ഉത്തരവായതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. 202223 ലെ നബാര്‍ഡ് ആര്‍ഐഡിഎഫ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ഇടപെടലിനെ തുടര്‍ന്ന് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതി മുഖാന്തിരം സംസ്ഥാനത്ത് നവീകരണത്തിനായി ആകെ അനുവദിക്കപ്പെട്ട ആറ് റോഡുകളില്‍ ഒന്നാണ് മാപ്രാണം നന്ദിക്കര റോഡ്. സംസ്ഥാന സര്‍ക്കാര്‍ മുഖേന സമര്‍പ്പിച്ച പദ്ധതികളില്‍ നിന്നാണ് നബാര്‍ഡ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ മാപ്രാണം നന്ദിക്കര റോഡ് തിരഞ്ഞെടുത്തതെന്ന് മന്ത്രി ബിന്ദു അറിയിച്ചു. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലുള്ള ടാറിംഗ്, ആവശ്യമായിട്ടുള്ള സ്ഥലങ്ങളില്‍ വീതി കൂട്ടല്‍, കാനകളുടെയും കള്‍വര്‍ട്ടുകളുടെയും നിര്‍മ്മാണം, ട്രാഫിക് സുരക്ഷാ സംവിധാനങ്ങള്‍, സംരക്ഷണ ഭിത്തി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തികള്‍ നവീകരണത്തിന്റെ ഭാഗമായി നടക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു വ്യക്തമാക്കി. ഇരിങ്ങാലക്കുട നഗരത്തെയും സമീപ പഞ്ചായത്തുകളെയും ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും.