അധികൃതര്‍ കണ്ണു തുറന്നു, പള്ളി ദാനം നല്കിയ സ്ഥലത്ത് ഷൈജനു ഇനി വീടുപണിയാം
എടക്കുളം: ഷണ്മുഖം കനാലിന്റെ അരികില്‍ ചുമരുകള്‍ വിണ്ട് ഏതു സമയത്തും നിലം പൊത്താവുന്ന ഓലപുരയില്‍ താമസിച്ചിരുന്ന ഷൈജനു ഇനി വീടെന്ന സ്വപ്നം പൂവണിയിക്കാം. വീടിന്റെ ദുരവസ്ഥ കണ്ട് 2017 ല്‍ ചേലൂര്‍ സെന്റ് മേരീസ് പള്ളി പൂമംഗലം ഒന്നാം വാര്‍ഡില്‍ മൂന്നു സെന്റ് സ്ഥലം ഷൈജനും കുടുംബത്തിനും നല്‍കിയെങ്കിലും നിലമെന്ന കാരണം പറഞ്ഞ് ഈ സ്ഥലത്തു വീടുവയ്ക്കാനാവില്ലെന്നു അധികൃതര്‍ അറിയിച്ചപ്പോള്‍ വിഷമിക്കുന്ന ഷൈജന്റെയും കുടുംബത്തിന്റെയും ദുരിതം ഇരിങ്ങാലക്കുട.ന്യൂസ് മുമ്പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. പഴകിക്കീറിയ പ്ലാസ്റ്റിക് ഷീറ്റുകളും പനമ്പും ദ്രവിച്ച കഴുക്കോലുകളും പട്ടികകളും കൊഴിഞ്ഞു വീഴുന്ന ഓടുകളുമുള്ള വീടിനു ഇനിയുമൊരു മഴക്കാലം അതിജീവിക്കാന്‍ സാധിക്കുമോ എന്നു പോലും സംശയമായിരുന്നു. പൂമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കനാലിന്റെ തെക്കേ ബണ്ടില്‍ അഞ്ചു സെന്റ് ഭൂമിയിലാണു പെയിന്റിംഗ് തൊഴിലാളിയായ കൂനമ്മാവ് ഷൈജനും കുടുംബവും താമസിക്കുന്നത്. ഭാര്യ ജോസ്മിയും അഞ്ചിലും ഒന്നിലും പഠിക്കുന്ന റോസ്മി, റോഷന് എന്നീ മക്കളുമാണിവിടെ കഴിയുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇഴജന്തുക്കളും ഈ വീട്ടിലേക്കു ചേക്കേറുന്ന സ്ഥിതി. പാമ്പിന്റെ ശല്യമുണ്ടാകുന്നതിനാല്‍ പല രാത്രികളിലും കൊച്ചുകുട്ടികളടക്കമുള്ളവര്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കും. ഷണ്മുഖം കനാലിനരികില്‍ ചുമരുകള്‍ വിണ്ട ഓലപ്പുരയില്‍ മക്കളേയും ചേര്‍ത്തുപിടിച്ചു കിടക്കുന്ന ഷൈജന്റെ ഉള്ളില്‍ തീയാണ്. ദീപികയില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഷൈജനു വീടുവയ്ക്കാനുള്ള അനുമതി ലഭ്യമാക്കികൊണ്ടുള്ള സാക്ഷ്യപത്രം പൂമംഗലം ഗ്രാമപഞ്ചായത്ത് കൈമാറി. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് വിഇഒ ഓഫീസില്‍ ഹാജരാക്കുന്നതിനായി സാക്ഷ്യപത്രം ഷൈജന്റെ വീട്ടിലെത്തിയാണു കൈമാറിയത്. കേരള കെട്ടിട നിര്‍മാണചട്ടം 2019 അനുസരിച്ച് നൂറു ചതുരശ്ര മീറ്ററില്‍ താഴെയുള്ള കെട്ടിടങ്ങള്‍ക്കു അനുമതിപത്രം ആവശ്യമില്ലെന്നു സാക്ഷ്യപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനുമതി ലഭിച്ചതോടെ വീടിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങി കഴിയും വേഗം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണു ഈ കുടുംബം.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്കായി https://irinjalakuda.news/rain-peyyaruthe-prayer/ ക്ലിക്ക് ചെയ്യുക