വള്ളിവട്ടത്തുനിന്നും കാണാതായ യുവാവിനെ 19 വര്‍ഷത്തിനുശേഷം കണ്ടെത്തി
വള്ളിവട്ടം: വെള്ളാംങ്കല്ലൂര്‍ വള്ളിവട്ടത്തുനിന്നും കാണാതായ യുവാവിനെ 19 വര്‍ഷത്തിനുശേഷം കണ്ടെത്തി. വള്ളിവട്ടം സ്വദേശി മുന്നൂറ്റിപറമ്പില് സിജേഷിനെയാണ് 24ാം വയസില്‍ കാണാതായത്. സാമ്പത്തിക പ്രശ്നത്തെ തുടര്‍ന്ന് നാടുവിടുകയാണെന്നും തന്നെ ഇനി അന്വേഷിക്കേണ്ടെന്നും കത്തെഴുതിവച്ചാണ് സിജേഷ് നാടുവിടുന്നത്. 2004 ഓഗസ്റ്റ് 12 നാണ് സിജേഷിനെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതിനല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് പോലീസ് അന്വേഷണം താല്കാലികമായി നിര്‍ത്തിവച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം പുനരാരംഭിച്ചു. സിജേഷ് അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി പിന്നീടിയാള്‍ ഉപയോഗിച്ചിരുന്ന ഫേണ്നമ്പറും പോലീസ് കണ്ടെടുത്തു. സൈബര്‍സെല്ലിന്റെ പരിശോധനയില്‍ ഇയാളുപയോഗിച്ചിരുന്ന ഫോണിന്റെ ലൊക്കെഷന്‍ ഇടുക്കി പീരിമേടാണെന്ന് കണ്ടെത്തി. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരായ എഎസ്ഐ ജോയ്, സിപിഒ ഉമേഷ് എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവിനല് പീരിമേടുള്ള സ്വകാര്യതോട്ടത്തില്‍ ജോലിചെയ്യുന്ന സിജേഷിനെ കണ്ടെത്തുകയായിരുന്നു. നാടുവിട്ടശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ സിജേഷ് അവിടെവെച്ച് പരിചയപ്പെട്ട തോട്ടം തൊഴിലാളിയുടെ മകളെ വിവാഹം കഴിച്ചശേഷം പീരിമേട്ടില്‍ കുടുംബത്തോടെപ്പം താമസിക്കുകയായിരുന്നു. താല്കാലികമായി നിര്‍ത്തിവച്ചിരുന്ന കേസ് പോലീസ് വീണ്ടെടുക്കുകയും സിജേഷിനെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഭാര്യയും നാലുവയസുള്ള മകനും നാട്ടിലെത്തി. വിഷു ആഘോഷിച്ച ശേഷം ഇവര്‍ പീരുമേടിലേക്കു തിരിച്ചു പോകും.