കാറ്റ് ഇരുട്ടടിയായി, നാട് ഇരുട്ടിലായി 24 മണിക്കൂറിനുശേഷവും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല
ശക്തമായ കാറ്റില്‍ വീണ ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ പാഴ്മരം.
ജനരോഷം ഉയര്‍ന്നു, പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും അടക്കം കെഎസ്ഇബി ഓഫീസില്‍
പരാതിപ്പെടാന്‍ ഫോണ്‍ എടുക്കാതെ കെഎസ്ഇബി
ഇരിങ്ങാലക്കുട: ടൗണിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെ ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലുള്ള നമ്പര്‍ ടു സെക്ഷന്‍ ഓഫീസിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുട ടൗണ്‍, പൊറത്തിശേരി, ഊരകം, അവിട്ടത്തൂര്‍, പുല്ലൂര്‍, മുരിയാട് എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. അസഹനീയമായ ചൂടും ഇന്ന് വോട്ടെണ്ണല്‍ സംപ്രേഷണം വീട്ടിലിരുന്ന് കാണുന്നത് മുടങ്ങുമെന്ന ആശങ്കയുമായപ്പോഴാണ് പ്രതിഷേധം കനത്തത്.
കെഎസ്ഇബി ഓഫീസിലെത്തിയ പ്രതിഷേധക്കാര്‍ ജീവനക്കാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി. വൈദ്യുതി വിഛേദിച്ച സമയം മുതല്‍ പലപ്പോഴും കെഎസ്ഇബി ഓഫീസിലേക്ക് പരാതി പറയാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തതിലുള്ള അമര്‍ഷവും ജനങ്ങള്‍ക്കുണ്ടായിരുന്നു. വീട്ടിലുള്ള കൈക്കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും ദയനീയ അവസ്ഥ മനസിലാക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതി ഇല്ലാത്തതു മൂലം രോഗബാധിതരായവരുടെ മരുന്നുള്‍പ്പടെയുള്ള വസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിനുള്ള തടസവും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

അടിയന്തിര സാഹചര്യങ്ങളില്‍ ജീവനക്കാരുടെ കുറവ് ഉണ്ടാകാതിരിക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രാത്രി തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്ന ക്രൈസ്റ്റ് കോളജിന് പരിസരത്തും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒട്ടേറെ വീടുകളില്‍ അത്യാസന്ന നിലയിലുള്ള രോഗികള്‍ ഉണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചെങ്കിലും കെഎസ്ഇബി യുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ജീവനക്കാരുടെ കുറവാണ് പ്രതിസന്ധിയിലാക്കിയതെന്നു ഉദ്യോഗസഥര്‍ പറഞ്ഞു.
കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കനത്ത നാശം
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുട മേഖലയില്‍ കനത്ത നാശം. മരങ്ങള്‍ വീണ് രണ്ടു ട്രാന്‍സ്ഫോര്‍മറുകളും 45 ഓളം പോസ്റ്റുകളും 80 ഓളം കേന്ദ്രങ്ങളില്‍ വൈദ്യുതി കമ്പികളും തകര്‍ന്നു. കെഎസ്ഇബി നമ്പര്‍ വണ്‍ സെക്ഷന്‍ കീഴില്‍ മരങ്ങള്‍ വീണ് പതിനഞ്ച് ഇലക്്ട്രിക് പോസ്റ്റുകളും 12 ഇടങ്ങളില്‍ വൈദ്യുതി ലൈനുകളും തകര്‍ന്നിട്ടുണ്ട്. കെഎസ്ഇബി നമ്പര്‍ ടു സെക്ഷന്‍ കീഴില്‍ മരങ്ങള്‍ വീണ് മുല്ലക്കാട്, തുറവന്‍കാട് എന്നീ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരുന്ന രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി സ്തംഭനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭ, പടിയൂര്‍, പൂമംഗലം, കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലേക്കുള്ള ജലവിതരണത്തില്‍ തടസം നേരിട്ടതായി വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റ് ജംഗ്ഷനില്‍ മരം കടപുഴകി വീണ് താത്കാലിക ഷെഡ് തകര്‍ന്നു. ഗാന്ധിഗ്രാമില്‍ എപ്പറമ്പന്‍ ജോയിയുടെ വാഴത്തോട്ടത്തിലെ കുലക്കാറായ വാഴകളും ഒടിഞ്ഞുവീണിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയമസഭ തിരഞ്ഞെടുപ്പ് ഫലം
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സാംസ്കാരിക സമ്മേളനം നടത്തി