കൂടല്‍മാണിക്യം; സംഗമപുരിയില്‍ മേളാസ്വാദകരില് നാദപ്രപഞ്ചം അലയടിച്ച് ചെമ്പടമേളം
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന ചെമ്പടമേളം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവമേളത്തിലെ പ്രധാന ആകര്‍ഷണമാണ് കുലീപിനീ തീര്‍ഥക്കരയിലെ ചെമ്പടമേളം. മൂന്നു മണിക്കൂറോളം കിഴക്കേ നടപ്പുരയിലും പടിഞ്ഞാറേ നടപ്പുരയിലും പഞ്ചാരിയുടെ നാദപ്രപഞ്ചം തീര്‍ത്തശേഷമാണ് ചെമ്പടമേളത്തിലേക്ക് കടക്കുക. പടിഞ്ഞാറേ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ കുലീപിനീ തീര്‍ഥക്കരയില്‍ ചെമ്പടമേളം നടക്കും. അതുകൊണ്ടിത് തീര്ഥക്കരമേളം എന്നും പറയപ്പെടുന്നുണ്ട്. പഞ്ചാരിയുടെ പാല്ക്കടല് തീര്‍ക്കുന്ന കൂടല്‍മാണിക്യം ഉത്സവത്തില്‍ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് ചെമ്പടമേളം. പഞ്ചാരിമേളം പൂര്‍ത്തിയാവുന്നത് ചെമ്പടയിലാണ്. 21 ചെമ്പടമേളങ്ങളാണ് ഇവിടെ എഴുന്നള്ളിപ്പിനോടനുബന്ധിച്ച് കൊട്ടുന്നത്.
ക്ലാസിക്കല്‍ പഞ്ചാരിയുടെ പ്രയോഗവേദിയായ ഇരിങ്ങാലക്കുടയിലെ ഉത്സവത്തിന് മേളം അഞ്ചാം കാലം പടിഞ്ഞാറേ നടയില്‍ കൊട്ടിക്കലാശിക്കുന്നതോടെ പഞ്ചാരിമേളം കഴിയുന്നു. തുടര്‍ന്ന് രൂപകം കൊട്ടി നേരെ ചെമ്പടമേളത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. കുലീപിനീ തീര്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. വടക്കേ നടയില്‍ ചുറ്റമ്പലത്തിന്റെ വാതിലിനടുത്തായിട്ടാണ് ചെമ്പടമേളം നടക്കുക. തീര്‍ഥക്കരയില്‍ ഒരു വൃത്താകൃതി കൈവരിച്ചാണ് ഇവര്‍ ചെമ്പട കൊട്ടുന്നത്. വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീട് കിഴക്കേ നടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകുന്നു. കൂടല്‍മാണിക്യം ക്ഷേത്രോത്സവം രൂപകല്പന ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കൊച്ചിരാജാവ് ശക്തന്തമ്പുരാന് ചെമ്പടമേളം കാണുവാനും കേള്‍ക്കുവാനും വലിയ തമ്പുരാന് കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്ക്കാറുള്ളതായും പറയപ്പെടുന്നു.
വിശാലമായ തീര്‍ഥക്കുളത്തിന്റെ തൊട്ടടുത്ത് നടക്കുന്നതിനാല്‍ ഈ മേളത്തിന്റെ മാധുര്യമാര്‍ന്ന പ്രതിധ്വനി ദേശത്തെവിടെയും അലയടിക്കുന്നു. തീര്‍ഥക്കര ചെമ്പട മേളകലാകാരന്മാര്ക്ക് വ്യക്തിവൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള മത്സരവേദിയായി മാറുന്നതുകൊണ്ട് ഈ കലാപ്രകടനം പലപ്പോഴും ഒരു തായമ്പകയുടെ സ്വഭാവം കൈവരിക്കുന്നു. ഉരുട്ടുചെണ്ടയിലും വീക്കനിലും വിദഗ്ധരായ ചെണ്ട കലാകാരന്മാരുടെ വൈദഗ്ധ്യം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതും തീര്‍ഥക്കര മേളത്തിനിടയിലാണ്. തിടമ്പേറ്റിയ ഗജവീരന്റെ മുന്നില്‍ ഇരുവശത്തുള്ള കുത്തുവിളക്കുള്ക്ക് നടുവിലായി വൃത്തത്തില്‍ നിലയുറപ്പിച്ച് കൊട്ടുന്ന ചെമ്പട കലാകാരന്റെ സാധകമികവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. സ്വര്ണനെറ്റിപട്ടങ്ങളും വെള്ളി ചമയങ്ങളുമണിഞ്ഞ 17 ഗജവീരന്മാര് തീര്ഥക്കരയിലൂടെ വരിവരിയായി കിഴക്കേ നടയിലേക്ക് എഴുന്നള്ളിക്കുന്ന രംഗം കലാസ്വാദകരുടെ കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയാണ്. ശീവേലിക്ക് ചൈത്രം അച്ചുവും വിളക്കെഴുന്നള്ളിപ്പിന് മച്ചാട് ദേവനും തിടമ്പേറ്റി. ചെറുശേരി കുട്ടന് മാരാര്‍ ആയിരുന്നു മേളപ്രമാണി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിയമസഭ തിരഞ്ഞെടുപ്പ് ഫലം
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; സാംസ്കാരിക സമ്മേളനം നടത്തി