പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു
പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
ഇരിങ്ങാലക്കുട: കയ്പമംഗലം വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് എന്ന പെട്രോൾ പമ്പിന്റെ ഉടമ കോഴിപറമ്പിൽ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.പിഴതുകയായ 5 ലക്ഷം രൂപ കൊലപ്പെട്ട മനോഹരന്റെ ഭാര്യ ഗീതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചിട്ടുണ്ട്. പ്രതികളായ കയ്പമംഗലം സ്വദേശികളായ കല്ലിപറമ്പിൽ അനസ്, കുന്നത്ത് അൻസാർ, കുറ്റിക്കാടൻ സ്റ്റിയൊ എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകൽ (7 വർഷം കഠിനതടവ്), പിടിച്ചുപറി (5 വർഷം കഠിന തടവ്), തെളിവ് നശിപ്പിക്കൽ (1 വർഷം കഠിന തടവ്) എന്നിങ്ങനെ മറ്റു വകുപ്പ്കൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2019 ഒക്ടോബർ 15 ന് പുലർച്ചെ ഒരുമണിയോടുകൂടി കയ്പമംഗലം ഹൈവേയിൽ സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിൽ നിന്നും അകമ്പാടത്തുള്ള വീട്ടിലേക്കു പോകുന്ന സമയം രണ്ടാം പ്രതി അൻസാർ ഓടിച്ചുകൊണ്ടുവന്ന മോട്ടോർ സൈക്കിൾ മനോഹരൻ ഓടിച്ചുവന്നിരുന്ന കാറിന്റെ പുറകുവശത്ത് ഇടിച്ച് കാർ നിർത്തിച്ചതിനു ശേഷം വിവരം തിരക്കാൻ പുറത്തിറങ്ങിയ മനോഹരനെ ബലമായി കാറിന്റെ പിൻസീറ്റിൽ പിടിച്ചുകയറ്റി തടങ്കലിലാക്കി. മനോഹരന്റെ വായിലും മൂക്കിലും പാക്കിംഗ് ടേപ്പ് ഒട്ടിച്ച് പ്രതികൾ മനോഹരനെയും മനോഹരൻ ഓടിച്ചിരുന്ന മാരുതി സിയാസ് കാറും തട്ടിക്കൊണ്ടുപോയി. വഴിയിൽ വെച്ച് മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മനോഹരന്റെ മൃതശരീരം ഗുരുവായൂരിനടുത്ത് മമ്മിയൂരിൽ റോഡരികിൽ ഉപേക്ഷിച്ച് കാറുമായി കടന്നുകളഞ്ഞു. മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ മമ്മിയൂരിൽ കണ്ടതിനെ തുടർന്ന് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ സി.പ്രേമാനന്ദ കൃഷ്ണൻ കേസെടുത്ത് അന്വേഷണം നടത്തുകയും മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ കേസ് അന്വേഷണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ് ഏറ്റെടുക്കുകയുമാണുണ്ടായത്. മനോഹരൻ ഉപയോഗിച്ചിരുന്ന കാർ മലപ്പുറം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും പ്രതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും തൊട്ടടുത്ത ദിവസം പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റൽ പരിസരത്ത് നിന്നും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണികൃഷ്ണൻ, അഭിഭാഷകരായ സഹർ അഹമ്മദ്, എൻ.യു.ഹരികൃഷ്ണ എന്നിവർ ഹാജരായി.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്.
ഇരിങ്ങാലക്കുട: രണ്ടാം പ്രതി അൻസാർ, മൂന്നാം പ്രതി സ്റ്റിയോ എന്നിവരുടെ വിരലടയാളങ്ങൾ കാറിൽ നിന്നും കണ്ടെത്തിയിരുന്നു. രണ്ടാം പ്രതി വലിച്ച് കാറിൽ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നും കണ്ടെടുത്ത ഡിഎൻഎ രണ്ടാം പ്രതി അൻസാറിന്റെ ഡിഎൻഎ യുമായി താരതമ്യമുണ്ട്. ഇതു രണ്ടുമാണ് കാറിൽ നിന്നുള്ള ശാസ്ത്രീയ തെളിവുകൾ. മരിച്ച മനോഹരന്റെ ഒരു ചെരിപ്പ് ഒന്നാം പ്രതി കുന്നംകുളത്തു നിന്നും നിന്നും കാറിന്റെ നമ്പർ പ്ലേറ്റ് ഒരെണ്ണം അങ്ങാടിപ്പുറത്ത് റെയിൽവേ ലൈനിന്റെ അടുത്തു നിന്നും മൂന്നാം പ്രതിയും കണ്ടെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്നും സയന്റിഫിക് അസിസ്റ്റന്റ് അവിടെ നിന്നും ചിതറിക്കിടന്ന ചെടികളുടെ ഭാഗങ്ങൾ ശേഖരിച്ചിരുന്നു. അതേ ചെടികളാണ് അങ്ങാടിപ്പുറത്തുനിന്നും കാറിൽ നിന്നും ലഭിച്ചത്. മമ്മിയൂരിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതശരീരത്തിനടുത്തുനിന്ന് ഒരു വെള്ളത്തിന്റെ കുപ്പി കണ്ടെടുത്തിട്ടുണ്ട്. ഒരേ ബാച്ചിലുള്ള കുപ്പി തന്നെയാണ് അങ്ങാടിപ്പുറത്തെ കാറിൽ നിന്നും ലഭിച്ചത്. മരിച്ചയാളുടെ കാലിനടിയിലെ മണ്ണും കാറിൽ നിന്നും കണ്ടെത്തിയ മണ്ണും കയ്പമംഗലത്ത് പനമ്പിക്കുന്നിൽ വെച്ച് പിടിച്ച് കാറിൽ കയറ്റിയ സ്ഥലത്തെ മണ്ണും ഒന്നാണ്. ഇതെല്ലാം സാഹചര്യ തെളിവുകളായി കോടതി പരിഗണിച്ചു. മോട്ടോർ സൈക്കിൾ ഇടിച്ച ഭാഗത്തെ പെയിന്റും കാറിന്റെ മൺകാഡിന്റെ പെയിന്റും ചുരണ്ടിയെടുത്തപ്പോൾ രണ്ടും ഒന്നാണെന്ന് തെളിഞ്ഞു. മോട്ടോർ സൈക്കിൾ കാരണമാണ് അപകടമുണ്ടായത്. ഈ മോട്ടോർ ബൈക്ക് രണ്ടാം പ്രതിയാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. മൂന്നാം പ്രതി സ്റ്റിയോ, 21ാംസാക്ഷിയുമായുള്ള സംഭാഷണത്തിൽ കുറ്റസമ്മതം നടത്തുന്നുണ്ട്. ഈ കുറ്റസമ്മതവും കോടതി പരിഗണിച്ചു.