ബസുകളുടെ അമിത വേഗത: വാഹന പരിശോധന കര്‍ശനമാക്കി, മദ്യപിച്ച് ബസോടിച്ച രണ്ട് ഡ്രൈവര്‍മാര്‍
ഇരിങ്ങാലക്കുട: ബസുകളുടെ അമിത വേഗതയും അതുമൂലം അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കി. ലിമിറ്റുകളില്‍ ബസു ജീവനക്കാരെ ലഹരി പരിശോധന നടത്തി. പോലീസ് പരിശോധനയില്‍ മദ്യപിച്ച് ബസോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റില്‍.
ചേര്‍പ്പ് പോലീസ് സ്റ്റേഷന് പരിധിയിലും ഇരിങ്ങാലക്കുട സ്റ്റേഷന് പരിധിയിലും ബസ് സ്റ്റാന്‍ഡ്, എകെപി എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആകാശ് ബസ് ഡ്രൈവര്‍ പെരിഞ്ഞനം സ്വദേശി പണിയേടത്തുവീട്ടില് സജീവന്, ഇരിങ്ങാലക്കുട ചെമ്മണ്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗോവിന്ദ് ബസ് ഡ്രൈവര്‍ മാള സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ജീമോന്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്ഐ ആല്‍ബി തോമസ് വര്‍ക്കിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ചേര്‍പ്പ്, ചാലക്കുടി, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനുകളില്‍ ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിച്ചതിനു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്തുന്നതിനായി ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയതില്‍ നിരവധി വാഹനങ്ങളുടെ അമിത വേഗം കണ്ടെത്തി നടപടി സ്വീകരിച്ചു. തുടര്‍ന്നും വരും ദിവസങ്ങളില്‍ ലഹരി ഉപയോഗത്തിനു എതിരെയും അമിത വേഗത്തിനെതിരെയു പരിശോധന ശക്തമാക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും അപകടങ്ങളും; റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറയ്ക്കാമെന്ന നിര്‍ദ്ദേശത്തില്‍ നടപടികള്‍ ഉണ്ടായില്ലെന്ന് ബസുടമകള്‍
തൃശൂര്‍ കൊടുങ്ങല്ലുര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്കും അപകടങ്ങള്‍ക്കും പരിഹാരമായി റൂട്ടിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറയ്ക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ച് ബസുടമകള്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലെ റോഡ് നവീകരണ പ്രവൃത്തികളും ഇതിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തില്‍ റണ്ണിംഗ് ടൈമില്‍ ചെറിയ മാറ്റം വരുത്തിയാല്‍ പോലും പരിഹാരമാകില്ലെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
ബസുകളുടെ അമിത വേഗത ചര്‍ച്ച ചെയ്യാന്‍ 2023 ജൂലൈ 23 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലും തുടര്‍ന്ന് ആഗസ്റ്റ് മൂന്നിന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലും യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പുതിയ സമയക്രമങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് റോഡിന്റെ വീതിയും തിരക്കും അനുസരിച്ച് റണ്ണിംഗ് ടൈമില്‍ വ്യത്യാസങ്ങള്‍ വരുത്തുന്ന ഡീ ത്രീ സമ്പ്രദായം നടപ്പിലാക്കാമെന്ന് തുടര്‍ന്ന് തൃശൂരില്‍ ചേര്‍ന്ന യോഗങ്ങളിലും ബസുടമകളുടെ അസോസിയേഷന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ മുമ്പില്‍ നിര്‍ദ്ദേശം വച്ചിരുന്നു.
എന്നാല്‍ ഈ റൂട്ടില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ വന്നതോടെ സമയക്രമത്തിലെ ചെറിയ മാറ്റങ്ങളും പ്രയോഗികമാകില്ലെന്ന് ബസുടമകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ സര്‍വീസ് നടത്തുന്ന 115 ബസുകളുടെ എണ്ണം പകുതിയായി കുറയ്ക്കാമെന്നും സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുളള ഇടവേള കൂട്ടാമെന്നും ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
എകപക്ഷീയമായ ഗതാഗത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം 21 ന് നടത്തിയ പണിമുടക്ക് സമരവേളയില്‍ അധികൃതരുടെ മുന്നില്‍ ഈ നിര്‍ദ്ദേശം വച്ചതാണെന്നും നടപടികള്‍ ഉണ്ടായില്ലെന്നും ജില്ലാ ഭരണകൂടം ഇടപെടേണ്ടതുണ്ടെന്നും അസോസിയേഷന് തന്നെ വ്യക്തമാക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാര്‍ പാര്‍ക്കിംഗ് തടയാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നിര്‍മ്മാണ പ്രവര്‍തതനങ്ങള്‍ നടക്കുന്ന റോഡുകളില്‍ ഒറ്റവരി ഗതാഗതമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളതെങ്കിലും ഇരുചക്ര വാഹനങ്ങളും ഓട്ടോയും കടത്തിവിടുന്ന സാഹചര്യമുണ്ടെന്നും സ്വകാര്യ ബസ് ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സ്വകാര്യ ബസുകളുടെ മരണപാച്ചിലിനെതിരെ സിപിഎം പ്രതിഷേധം
ഇരിങ്ങാലക്കുട: ബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കുക ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ സ്വകാര്യ ബസുകളുടെ അമിത വേഗതമൂലം അപകടങ്ങള്‍ നിത്യ സംഭവമായി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് തേലപ്പിള്ളി സ്വദേശി മരണപ്പെട്ടിരുന്നു. ബസുകളുടെ അമിത വേഗത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂര്‍ തേലപ്പിള്ളി സെന്ററില്‍ സംഘടിപ്പിച്ച സമരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം ടി.കെ. ജയാനന്ദന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി പി.കെ. മനുമോഹന്‍, ലോക്കല്‍ കമ്മിറ്റി അംഗം പി.എസ്. വിശ്വംഭരന്, നഗരസഭാ കൗണ്‍സിലര്‍ നസീമ കുഞ്ഞിമോന്എന്നിവര് സംസാരിച്ചു.
ബസുകളുടെ അമിതവേഗത നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണം, ട്രാഫിക് നിയന്ത്രണത്തിന് കൂടുതല്‍ പോലീസിനെ നിയോഗിക്കണം സിപിഐ
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡിലെ സ്വകാര്യ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ അമിത വേഗത മൂലം ദിനംപ്രതി അപകടങ്ങള്‍ കൂടുകയും മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വേഗത നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.
റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ അനുവദിക്കപ്പെട്ട സമയത്തിന് സര്‍വ്വീസ് നടത്തുവാന്‍ സ്വകാര്യ ബസുകള്‍ക്ക് കഴിയാത്തത് അമിത വേഗതക്കും ആശ്രദ്ധമായ ഡ്രൈവിങ്ങിനും കാരണമാകുന്നുണ്ട്. ബസുകളുടെ സര്‍വ്വീസ് നടത്തേണ്ട അനുവദിക്കപ്പെട്ട സമയം റോഡുകള്‍ പൂര്‍ണ്ണമായും സഞ്ചാരയോഗ്യമാകും വരെ പുനഃക്രമീകരിക്കണം. റോഡ് നിര്‍മ്മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇരിങ്ങാലക്കുട പട്ടണത്തിലെ റോഡുകള്‍ പൂര്‍ണ്ണമായും സഞ്ചാര യോഗ്യമാക്കണം. ട്രാഫിക്ക് നിയന്ത്രണത്തിന് കൂടുതല്‍ പോലീസ് സേവനം ഉറപ്പുവരുത്തണം.
ക്രൈസ്റ്റ് കോള്‍ മുതല്‍ പൂതംകുളം വരെയുള്ള റോഡ് നിര്‍മ്മാണ പൂര്‍ത്തീകരണത്തിലെ കാലതാമസം ന്യായീകരിക്കുവാന്‍ കഴിയില്ല. ഇരിങ്ങാലക്കുട ബൈപാസ് റോഡ്, ഉള്‍പ്പടെ പട്ടണത്തിലെ മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. അറ്റകുറ്റ പണികള്‍ നടത്തി റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതില്‍ അനാസ്ഥ കാണിക്കുന്ന ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഭരണത്തിനെതിരെ സിപിഐ ബഹുജന സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.