കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും പാസ്പോര്‍ട്ട് തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തല്‍; പ്രതി അറസ്റ്റില്‍

ഷനില്‍.
ഇരിങ്ങാലക്കുട: കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും പാസ്പോര്‍ട്ട് തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരൂപടന്ന പള്ളിനട സ്വദേശി സൈനബ എന്നയാള്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പോലീസ് കേസെടുക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ശൃംഗപുരം സ്വദേശി പണിക്കശേരി വീട്ടില്‍ ഷാനു, മാടത്ത ഷാനു എന്നിങ്ങനെ വിളിക്കുന്ന ഷനില്‍ (46) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
കരൂപടന്ന പള്ളിനട സ്വദേശിയായ സൈനബയുടെ വീട്ടില്‍ സാമ്പത്തിക ബുദ്ദിമുട്ട് നേരിട്ടപ്പോള്‍ ഇവരുടെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം.200000 (രണ്ട് ലക്ഷം രൂപ) ഷനിലിനോട് കടമായി ചോദിക്കുകയും, 16000 (പതിനാറായിരം രൂപ) മുന്‍കൂറായി പലിശ കുറച്ചതിന് ശേഷം സൈനബയുടെയും മകളുടെയും പാസ്പോര്‍ട്ടുകളും ഇവരുടെ രണ്ട് പേരുടെയും കൈയ്യില്‍ നിന്ന് നാല് ചെക്ക് ലീഫുകളും ഈടായി കൈപറ്റിയതിന് ശേഷമാണ് ഷനില്‍ കഴിഞ്ഞ വര്‍ഷം 184000 (ഒരു ലക്ഷത്തി എണ്‍പത്തി നാലായിരം രൂപ) നല്‍കിയത്.
തുടര്‍ന്ന് കടമായി വാങ്ങിയ പണത്തില്‍ 164000 (ഒരു ലക്ഷത്തി അറുപത്തി നാലായിരം രൂപ) ഷനിലിന് തിരികെ കൊടുത്ത ശേഷം സൈനബ വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പാസ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരിക്കുകയും ഒരു ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ സൈനബയുടെയും മകളുടെയും പാസ്പോര്‍ട്ടും തിരികെ കൊടുക്കില്ലായെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഈ സംഭവത്തിന് സൈനബയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയില്‍ ഷനില്‍ ഒളിവില്‍ പോവുകയും തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷനിലിനെ സബ് ഇന്‍സ്പെക്ടര്‍ സി.എം. ക്ലീറ്റസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷനില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വധശ്രമം, കവര്‍ച്ച, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 34 ക്രിമിനല്‍ കേസുകളിലെ പ്രതിയും കൂടാതെ 2007 ല്‍ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ളയാളുമാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ സി.എം. ക്ലീറ്റസ്, കെ.എ. സേവ്ര്, പ്രസന്നകുമാര്‍, അസി. ഇന്‍സ്പെക്ടര്‍ കെ.വി. ഉമേഷ് എന്നിരാണ് അന്വേഷണ സംഘത്തിലുള്ളത്.