പുതിയ അധ്യയനവര്‍ഷത്തിന്റെ ഒരുക്കങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യ പരിഗണന നല്‍കണം മന്ത്രി ഡോ. ആര്. ബിന്ദു

സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടേയും പിടിഎ ഭാരവാഹികളുടേയും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സ്കൂളുകളില്‍ ജൂണ്‍ രണ്ടു മുതല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരുടേയും പിടിഎ ഭാരവാഹികളുടേയും പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം മന്ത്രി ഡോ. ആര്. ബിന്ദു വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരോടൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും എക്സൈസും പൊതുജനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തുക, ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി വിദ്യാലയങ്ങള്‍ മോടിപിടിപ്പിക്കുക, കൊതുകുനിവാരണം, ജലശുദ്ധീകരണം, ഇഴജന്തുക്കള്‍ കടക്കാതിരിക്കുന്നതിന് എടുക്കേണ്ട മുന്‍കരുതലുകള്‍, പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പിടിഎയുടെയും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന് വേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെ കുറിച്ച് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്. ജോര്‍ജോ, ടി.വി. ലത, ലിജി രതീഷ്, കെ.എസ്. തമ്പി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷൈല, എഇഒ നിഷ, സ്കൂള്‍ പ്രധാന അധ്യാപകര്‍ പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.