ആനയിടഞ്ഞ് ഓടിയത് പരിഭ്രാന്തി പരത്തി

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കൊട്ടിലാക്കല്‍ പറമ്പില്‍ നിന്നും അമ്പാടി മഹാദോവന് എന്ന ആന ഇടഞ്ഞോടുന്നു. ആനയെ തളക്കുന്നതതിനായി പാപ്പാന്മാര് ആനയെ പിന്തുടരുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞോടി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ കൊട്ടിലാക്കല്‍ പറമ്പില്‍ കെട്ടിയിരുന്ന ആനയെ ഈ പറമ്പില്‍ തന്നെ കുളിപ്പിക്കുന്നതിനായി ഷവര്‍ ബാത്തിനരികിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. മുകളില്‍നിന്നും മരകൊമ്പ് വീഴുന്ന ശബ്ദം കേട്ട് പേടിച്ചതാകാം ആന ഇടയാന്‍ കാരണമായി കരുതുന്നത്. ഈ സമയം കൊട്ടിലാക്കല്‍ പറമ്പിന്റെ ഗേറ്റ് അടച്ചിരുന്നില്ല.
കൊട്ടിലാക്കല്‍ പറമ്പില്‍ നിന്നും ഗേറ്റ് വഴി ക്ഷേത്രത്തിനു മുന്നിലൂടെ മഹാത്മഗാന്ധി റീഡിംഗ് റൂം വരെ ഓടിയ ആനയെ പാപ്പാന്മാര് പിന്തുടര്ന്ന് തളക്കുകയായിരുന്നു. ആറാട്ട് കഴിഞ്ഞ് ആല്‍ത്തറയില്‍ നിന്നും തിരിച്ചെഴുന്നള്ളിപ്പിനായി മാറ്റി നിര്‍ത്തിയിരുന്ന അമ്പാടി മഹാദോവന് എന്ന ആനയണ് ഓടിയത്. ഈ സമയം കൊട്ടിലാക്കല്‍ പറമ്പില്‍ മറ്റു ആനകള്‍ ഉണ്ടായിരുന്നുവെങ്കിലും അവരാരും പ്രശ്നമുണ്ടാക്കിയില്ല. ആറാട്ടിനായി രാപ്പാളിലേക്ക് എഴുന്നള്ളിപ്പ് പോയതിനാല്‍ ക്ഷത്രപരിസരത്ത് ആളുകള്‍ അധികം ഇല്ലാതിരുന്നത് അനിഷ്ടസംഭവങ്ങളുണ്ടായില്ല.
കഴിഞ്ഞ ദിവസം ഇതേ ആന പീച്ചിയില്‍ രാജീവ് എന്ന ആനയുമായി രാത്രിയില്‍ എഴുന്നള്ളിപ്പിനിടെ കൊമ്പുകോര്‍ത്തിരുന്നു. ആനയുടെ മദപ്പാട് പരിശോധിക്കണമെന്നും ഇതിനായി രക്തപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയതായി ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറഞ്ഞു. വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നും ആനകളെ വിശ്രമമില്ലാതെ എഴുന്നുള്ളിക്കുന്നുവെന്നും ആനിമല്‍ ഫെല്‍ഫെയര്‍ ബോര്‍ഡിലെ നാട്ടാന മോണിറ്ററിംഗ് കമ്മറ്റി പ്രതിനിധികള്‍ ആനകളെ പരിശോധിച്ചതായി കാണുന്നില്ലെന്നും വെങ്കിടാചലം പറഞ്ഞു.