കൂടല്‍മാണിക്യം; ഭക്തിയുടെ നിറവില്‍ സംഗമേശന് രാപ്പാള്‍ കടവില്‍ ആറാട്ട്

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് രാപ്പാള്‍ കടവില്‍ നടന്ന ആറാട്ട്.
ആറാട്ട് കഴിഞ്ഞു മടങ്ങിയ ഭഗവാന് നാടു നീളെ വരവേല്‍പ്പ്. ആറാട്ടിന് സാക്ഷിയാകാനെത്തിയത് ആയിരങ്ങള്‍
ഇരിങ്ങാലക്കുട: പതിനൊന്നു ദിവസം നീണ്ടുനിന്ന ഉത്സവങ്ങളുടെ ഉത്സവമായ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് ഇന്ന് പുലര്‍ച്ചയോടെ ഹൃദ്യമായ പരിസമാപ്തിയായി. ഇന്നലെ രാവിലെ പള്ളിയുണര്ന്ന സംഗമേശ്വരന് ആറാട്ടിനായി രാപ്പാള്‍ ആറാട്ടുകടവിലേക്ക് എഴുന്നള്ളി. വൈഷ്ണവമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് സംഗമേശ്വരന്റെ ആറാട്ടെഴുന്നള്ളിപ്പ് ആരംഭിച്ചത്. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ തിങ്ങി നിറഞ്ഞ ഭക്തരെ സാക്ഷി നിര്‍ത്തി ഭഗവാനെ പുറത്തേക്ക് എഴുന്നള്ളിച്ചു. വലിയ ബലികല്ലില് ബലി തൂവി, കൊടിമരത്തിന് പ്രദക്ഷിണം ചെയ്ത് കയ്യിലേന്തിയ വിഗ്രഹവുമായി മേല്‍ശാന്തി പ്രദക്ഷിണം പൂര്‍ത്തിയാക്കി.
തുടര്‍ന്ന് സംഗമേശ്വര ചൈതന്യത്തെ തിടമ്പിലേയ്ക്കാവാഹിച്ച് ആനപ്പുറത്ത് കയറ്റി കിഴക്കേ ഗോപുര കവാടം വഴി പുറത്തേക്ക് ഇറങ്ങി. കിഴക്കെ നടയില്‍ എഎസ്ഐ ശ്രീധരന്റെ നേത്യത്വത്തില്‍ പോലീസ് സംഘം ആചാരപ്രകാരമുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വടകുറുമ്പക്കാവ് ദുര്ഗ്ഗാദാസന് ഭഗവാന്റെ തിടമ്പേറ്റി. കുളക്കാടന്‍ കുട്ടികൃഷ്ണനും നന്ദിലത്ത് ഗോവിന്ദകണ്ണനും അകമ്പടിയായി. തുടര്‍ന്ന് മൂന്നാനകളുമായി നാദസ്വരത്തിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ സംഗമേശന് രാപ്പാളിലേക്ക് ആറാട്ടിനായി യാത്രയായി. ആയിരക്കണക്കിന് ഭക്തജനങ്ങളും ഭഗവാനെ അനുഗമിച്ചിരുന്നു.
തന്റെ തട്ടകത്തിലെ ജനങ്ങളെ കാണാന്‍ പുറത്തേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തു നിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്കരിച്ചു. നിറപറയും കത്തിച്ചുവെച്ച വിളക്കുമായാണ് പലരും ദേവനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങള്‍ തൂക്കുകയും ദീപാലങ്കാരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. രാവിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട എഴുന്നള്ളിപ്പ് രാപ്പാള്‍ ആറാട്ട് കടവില്‍ എത്തിച്ചേര്‍ന്ന് ഉച്ചക്ക് 12.30 ഓടെയാണ് ആറാട്ട് നടന്നത്. രാപ്പാള്‍ ആറാട്ടു കടവില്‍ ഭഗവാനോടൊപ്പം നൂറുകണക്കിന് ഭക്തജനങ്ങള്‍ ആറാട്ട് നടത്തി.
തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയ പൂജകള്‍ക്കുശേഷം തിടമ്പ് ഏന്തിക്കൊണ്ട് മൂന്ന് പ്രാവശ്യം പുഴയില്‍ മുങ്ങി ആറാട്ടു നടത്തിയപ്പോള്‍ ഭക്തജനങ്ങള്‍ ആര്പ്പുവളികളോടെ ആറാട്ടില്‍ പങ്കെടുത്ത് നിര്‍വൃതി നേടി. തുടര്‍ന്ന് മഞ്ഞള്‍പൊടി കൊണ്ട് അഭിഷേകവും പൂജയും നടത്തിയ ശേഷം മഞ്ഞള്‍പൊടി ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും പുഴുക്കും പപ്പടവും മാങ്ങക്കറിയും വിതരണം ചെയ്തു. രാപ്പാള്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് ആറാട്ടുകഞ്ഞി വിതരണം ചെയ്തത്.
കൂടല്‍മാണിക്യം ക്ഷേത്രോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: ആറാട്ട് കഴിഞ്ഞ് കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്കെഴുന്നള്ളിയ ദേവനെ വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന ഭക്തജനങ്ങള്‍ വണങ്ങി നമസ്കരിച്ചു. നിറപറയും കത്തിച്ചുവെച്ച വിളക്കുമായാണ് പലരും ദേവനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. ചില വീടുകളുടെയും കടകളുടെയും മുന്നില്‍ കൊടിതോരണങ്ങളും ആലക്തിക ദീപങ്ങളും തൂക്കിയിരുന്നു. വൈകീട്ട് നാലിനാണ് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിച്ചത്. ആറാട്ട് കഴിഞ്ഞ് രാത്രി തിരിച്ചെത്തുന്ന ഭഗവാന് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയില്‍ സ്വീകരണം നല്കി. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളി. പഞ്ചാവാദ്യത്തിന് അയലൂര്അനന്ത നാരായണ ശര്‍മ പ്രമാണം വഹിച്ചു.
പല്ലാട്ട് ബ്രഹ്മദത്തന് തിടമ്പേറ്റി. പാറമേക്കാവ് ദേവസ്വം കാശിനാഥനും അമ്പാടി മഹാദേവനും അകമ്പടിയായി. ആറാട്ടുവിളക്ക് എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലില്‍ എത്തിയതോടെ പാണ്ടിമേളം ആരംഭിച്ചു. പാണ്ടിമേളത്തിന് രാജീവ് വാരിയര്‍ പ്രമാണം വഹിച്ചു. രാത്രി ഒന്നരയോടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ കൊടിക്കല്‍ പറ നിറച്ച് വിഗ്രഹം എഴുന്നള്ളിച്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഇതോടെ കൂടല്‍മാണിക്യ സ്വാമി ദര്‍ശനം നല്കല് അവസാനിപ്പിച്ച് അകത്തേക്ക് കയറി. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് ആറാട്ട് കലശം നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിന്ന സംഗമപുരിയിലെ ഉത്സവത്തിന് പരിസമാപ്തിയായി.
