കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടതില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്ലക്കാര്‍ഡുമായെത്തി പ്രതിഷേധം
നഗരസഭ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടതില്‍ പ്ലക്കാര്‍ഡുമായെത്തി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തിലാണു എല്‍ഡിഎഫ് അംഗങ്ങള്‍ പ്ലക്കാര്‍ഡുമായെത്തി പ്രതിഷേധിച്ചത്. നാലു മാസത്തോളമായി കംഫര്‍ട്ട് സ്റ്റേഷന് അടഞ്ഞു കിടക്കുകയാണന്നും നിരവധി തവണ ഭരണ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നു എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. ബസ് ഗതാഗതം പുനരാരംഭിച്ചതോടെ യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ദുരിതത്തിലാണന്നു എല്‍ഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കംഫര്‍ട്ട് സ്റ്റേഷനിലകത്തെ ടൈല്‍സ് പൊട്ടി പൊളിഞ്ഞു ഉപയോഗശൂന്യമായ രീതിയിലാണന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ 2009 വരെ സൗജന്യമായി ഉപയോഗിച്ചിരുന്ന കംഫര്‍ട്ട് സ്റ്റേഷന് സ്ഥിതി ചെയ്യുന്ന സ്ഥലം വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്നതിനെ അന്ന് അനൂകൂലിച്ച എല്‍ഡിഎഫാണു ഇപ്പോള്‍ പ്രതിഷേധവുമായി ഇറങ്ങിയിട്ടുള്ളതെന്നു സന്തോഷ് ബോബന് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടത്തിനാണു എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നു യുഡിഎഫ്. അംഗം എം.ആര്. ഷാജു പറഞ്ഞു.
ഭരണ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്ന പരിഹാരത്തിനു ശ്രമിക്കാതെ എല്‍ഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങള്‍ക്കു ഉപകാരപ്രദമായ രീതിയില്‍ എത്രയും വേഗം കംഫര്‍ട്ട് സ്റ്റേഷന് തുറന്നു നല്‍കണമെന്നും എം.ആര്. ഷാജു പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദര്‍ശിച്ചു അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുരിയന്‍ ജോസഫ് പറഞ്ഞു. അടിയന്തരമായി അറ്റകുറ്റപണി നടത്തി താത്കാലിക ജീവനക്കാരെ നിയമിച്ചു കംഫര്‍ട്ട് സ്റ്റേഷന് ഉടന്‍ തുറന്നു കൊടുക്കുമെന്നു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു പറഞ്ഞു.