പ്രളയം കഴിഞ്ഞിട്ട് ഒരു വര്ഷം: സഹായധനം കിട്ടാതെ നാനൂറിലേറെ കുടുംബങ്ങള്
2019 ലെ പ്രളയത്തെ തുടര്ന്നു സര്ക്കാര് പ്രഖ്യാപിച്ച സഹായം ഒരു വര്ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നു പരാതി. മുകുന്ദപുരം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി 400 ലേറെ കുടുംബങ്ങള്ക്കാണു തുക ലഭിക്കാനുള്ളത്. തുക ലഭിക്കാത്തവര് വില്ലേജ് ഓഫീസുകളില് കയറിയിറങ്ങുകയാണ്. കോവിഡിനെ തുടര്ന്നു പണിയില്ലാത്ത അവസ്ഥയില് സര്ക്കാര് സഹായം ലഭിച്ചാല് വലിയ ആശ്വസമാകുമെന്നു ഇവര് പറഞ്ഞു. 2018 ലെ പ്രളയത്തെ തുടര്ന്നു തഹസില്ദാരുടെ ഓഫീസില് നിന്നാണു അര്ഹരായവര്ക്കു സഹായത്തുക വിതരണം ചെയ്തിരുന്നതെങ്കില് കഴിഞ്ഞവര്ഷം പ്രളയത്തില്പ്പെട്ടവര്ക്കു തിരുവനന്തപുരം ലാന്ഡ് റവന്യു കമ്മിഷണറേറ്റില് നിന്നു നേരിട്ടാണു വിതരണം ചെയ്യുന്നത്.
വില്ലേജ് ഓഫീസില് നിന്നും അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് നിന്നും വീടുകള് തോറും കയറിയിറങ്ങി അവിടെ നിന്നും മൊബൈല് ആപ്പ് വഴിയാണു ഓരോരുത്തരുടേയും വിശദാംശങ്ങള് രജിസ്റ്റര് ചെയ്തത്. കഴിഞ്ഞയാഴ്ചവരെ കുറെയേറെപ്പേര്ക്കു തുക അക്കൗണ്ടുകളില് എത്തി. എന്നാല് ഓരോ തദ്ദേശ സ്ഥാപനത്തിലും ഓട്ടേറെപ്പേര്ക്കു സഹായധനം ഇനിയും എത്തിയിട്ടില്ല. എന്നാല് തുക വിതരണം ചെയ്യുന്നതു ലാന്ഡ് റവന്യു കമ്മിഷണറേറ്റില് നിന്നായതിനാല് ഇതിനെക്കുറിച്ചു കൂടുതലൊന്നും അറിയില്ലെന്നു വില്ലേജ് ഓഫീസര്മാര് പറഞ്ഞു.
മൊബൈല് ആപ്പില് കയറി പരാതിക്കാരുടെ സ്ഥിതി പരിശോധിക്കാനും സൗകര്യമില്ല. പ്രളയസഹായധന വിതരണം സര്ക്കാര് നിര്ത്തിവയ്ക്കാത്ത സാഹചര്യത്തില് അര്ഹരായ എല്ലാവര്ക്കും കിട്ടുമെന്നുതന്നെയാണു പ്രതീക്ഷിക്കുന്നതെന്നു വില്ലേജ് ഓഫീസര്മാര് പറഞ്ഞു. അതേസമയം സഹായധനത്തിനായി അപേക്ഷ സമര്പ്പിച്ച താലൂക്ക് പരിധിയില്പ്പെട്ട 445 പേരുടെ പട്ടിക ലാന്ഡ് റവന്യു കമ്മിഷണറേറ്റില് നിന്നു തെറ്റുതിരുത്താനായി താലൂക്കിനു ലഭിച്ചിട്ടുണ്ടെന്നു തഹസില്ദാര് ഐ.ജി. മധുസൂദനന് പറഞ്ഞു. 245 പേരുടെ പട്ടിക ശരിയാക്കി കഴിഞ്ഞു. ബാക്കിയുള്ളവരുടേതു ഈ ആഴ്ചതന്നെ തെറ്റുതിരുത്തി അയക്കുമെന്നും അടുത്ത ആഴ്ചമുതല് തുക ലഭ്യമാകുമെന്നുമാണു പ്രതീക്ഷിക്കുന്നതെന്നും തഹസില്ദാര് വ്യക്തമാക്കി.