കോവിഡ് ബോധവത്കരണവുമായി ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍
ഇരിങ്ങാലക്കുട: ഠാണാ സിഗ്നലിനു പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളതു കുറച്ചൊന്നുമല്ല. ഇരിങ്ങാലക്കുടയിലെ ട്രോളന്മാരുടെ മുഖ്യ ഇരയായിരുന്നു ഈ സിഗ്നല്‍. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ വെറുതെ നഗരമധ്യത്തില്‍ നിലകൊള്ളുന്ന ഈ സിഗ്നല്‍ കാക്കകള്‍ക്കു കൂടൊരുക്കുവാന്‍ മാത്രമാണു ഏക ഉപയോഗമെന്നും മറ്റുമായിരുന്നു ട്രോളുകള്‍. എന്നാല്‍ ഈ കോവിഡ് കാലത്തു ഇരിങ്ങാലക്കുടയിലെ ഈ സിഗ്നലും രൂപം മാറിയിരിക്കുകയാണ്. കോവിഡ് ബോധവത്കരണവുമായി കൊറോണ വൈറസിന്റെ രൂപത്തില്‍ റബര്‍ രൂപങ്ങള്‍ സിഗ്നലിനു ചുറ്റും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ കോവിഡിനെതിരായുളള ബോധവത്കരണ ചിത്രങ്ങളുമുണ്ട്. ഠാണാവില്‍ എത്തുന്ന വഴിയറിയാത്തവര്ക്കു സൂചനകളും സിഗ്നലില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗളായിനില് വരെ തങ്ങളുടെ പ്രൊഡക്ടു കൊണ്ടു സ്വാധീന്യം നല്കിയ കോണത്തുകുന്നില്‍ പ്രവര്‍ത്തിക്കുന്ന വജ്രാ പ്രൊഡക്ടും റോട്ടറി ക്ലബും സംയുക്തമായാണു ഇത്തരത്തില്‍ ഠാണാവിലെ സിഗ്നലിനെ രൂപമാറ്റം വരുത്തിയത്. ഇത്തരത്തില്‍ രണ്ടു ബാരിക്കേഡുകളും ഇവര്‍ മുമ്പു ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ കോവിഡ് വ്യാപനം സജീവമാകുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതു നാം ഓരോരുത്തരുമാണ്.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിലെ E-PAPER ക്ലിക്ക് ചെയ്യുക