ബൈപാസ് റോഡില്‍ മാലിന്യക്കൂമ്പാരം- നഗരം പകര്‍ച്ച വ്യാധിയുടെ പിടിയില്‍
രോഗം പടിവാതിക്കലെത്തിയിട്ടും അധികൃതര്‍ക്കു കുലുക്കമില്ല,മാലിന്യ സംസ്കരണം താളം തെറ്റി: രോഗങ്ങള്‍ പടരുമെന്നു ആശങ്ക
ഇരിങ്ങാലക്കുട: കോവിഡ്-19 സമൂഹവ്യാപനം തടയാന്‍ ജാഗരൂകരായിരിക്കുമ്പോഴും ബൈപാസ് റോഡിലെ മാലിന്യക്കൂമ്പാരം പകര്‍ച്ച വ്യാധികള്‍ക്കു വളമാകുമെന്നാണു ആക്ഷേപം. പ്ലാസ്റ്റിക് കവറുകളില്‍ എത്തിക്കുന്ന മാലിന്യം ഇരുട്ടിന്റെ മറവിലാണു റോഡരികില്‍ തള്ളുന്നത്. മാംസാവശിഷ്ടം മുതല്‍ വീടുകളിലെ പാഴ്വസ്തുക്കള് വരെ ഇവയിലുണ്ട്. മഴയില്‍ ചീഞ്ഞഴുകിയ മലിനജലം റോഡിലാകെ വ്യാപിക്കും. പരിസരമാകെ അസഹ്യമായ നാറ്റമാണ്. ഇതു കാല്‍നട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മൂക്കുപൊത്താതെ ഇതുവഴി പോകാന്‍ പറ്റാത്ത അവസ്ഥയായി. മാലിന്യക്കവറുകള്‍ തെരുവുനായ്ക്കള്‍ കടിച്ചു വലിച്ചു പരത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യക്കൂമ്പാരം പലപ്പോഴും കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയിലാണു പരിസരവാസികള്‍. പൊട്ടിയ കുപ്പികളും ട്യൂബുകളും മാലിന്യ ചാക്കുകളും റോഡില്‍ ചിതറി കിടക്കുന്നതിനാല്‍ റോഡിലൂടെയുള്ള യാത്രയും ദുഷ്കരമായിരിക്കുകയാണ്. റോഡില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതു സാമൂഹിക വിരുദ്ധര്‍ക്കു സഹായമാവുകയാണ്. മാലിന്യങ്ങളില്‍നിന്നും കൊതുകുകള്‍ പെരുകുന്നതും തെരുവുനായശല്യം രൂക്ഷമാകുന്നതും കാഴ്ചയാണ്. ഈച്ചകളും കാക്കകളും വട്ടമിട്ടു പറക്കുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങളെത്തുന്ന മേഖലയിലെ മാലിന്യപെരുപ്പം കനത്ത ആശങ്കയ്ക്കു കാരണമാകുന്നുണ്ട്. നഗരവാസികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികളും ഗുരുതര രോഗങ്ങളും പകരാന്‍ സാധ്യതയേറെയാണെന്നു ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയില്‍ ഇത്തരത്തിലുള്ള മാലിന്യം നീക്കം ചെയ്യുവാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതാണ്. നഗരത്തിലെ പല തോടുകളും ഇപ്പോഴും വൃത്തിയാക്കിയിട്ടില്ല. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലതും താളം തെറ്റിയ നിലയിലാണ്. കാലവര്‍ഷം കനത്താല്‍ തോടുകളില്‍ വെള്ളക്കെട്ട് രൂക്ഷമാകും. ഇതു സമീപത്തെ കിണറുകളെ മലിനമാക്കുന്നതോടെ രോഗങ്ങള്‍ പിടിപ്പെടാന്‍ ഇടയാക്കും. മഴ ഇടമുറിയാതെ പെയ്താല്‍ ആരോഗ്യസുരക്ഷാപ്രവര്ത്തനങ്ങള് താളം തെറ്റുമെന്ന ഉറപ്പാണ്. മാലിന്യ സംസ്കരണത്തിനു ലക്ഷങ്ങള്‍ ചെലവിട്ടും വിവിധ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും എക്കാലത്തെ പോലെയും മാലിന്യം നഗരസഭക്കിന്നും വെല്ലുവിളിയാണ്.
ന്യൂസ് പേപ്പർ ക്ലിപ്പ് ലഭിക്കുവാൻ മെനുവിൽ e-paper ക്ലിക്ക് ചെയ്യുക