പഞ്ചായത്ത് വകുപ്പില്‍ സ്ഥലമാറ്റക്കളി: സെക്രട്ടറിക്ക് ഒരു വര്‍ഷത്തിനിടെ നാലാം വട്ടം സ്ഥലം മാറ്റം
ഇരിങ്ങാലക്കുട: കോവിഡിന്റെ പശ്ചാത്തലത്തില്‍ അവശ്യ സര്‍വീസായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് പെടാപ്പാട് ജോലികള്‍ ചെയ്യുന്ന പഞ്ചായത്ത് സെക്രട്ടറിമാരെ തലങ്ങും വിലങ്ങും മാറ്റിക്കൊണ്ടുള്ള ഉത്തരവുകള്‍ വീണ്ടും. ജൂലൈ 29 നു പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ 12 സെക്രട്ടറിമാരെയും 27 നു ഇറക്കിയ ഉത്തരവില്‍ 45 സെക്രട്ടറിമാരെയുമാണു സ്ഥലം മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സെക്രട്ടറിമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള പത്തോളം ഉത്തരവുകളാണു പഞ്ചായത്ത് വകുപ്പില്‍ ഇറങ്ങിയത്. ഒരു ജീവനക്കാരനു മൂന്നു വര്‍ഷം വരെ ഒരേ ഓഫീസില്‍ തുടരാമെങ്കിലും കേവലം ഒരു വര്‍ഷം പോലും തികയാത്തവരെ പോലും സ്ഥലം മാറ്റിയിരിക്കുകയാണ്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്കിന് ഒരു കൊല്ലത്തിനിടെ മൂന്നാമത്തെയും നാട്ടിക ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാബു ജോര്‍ജിനു നാലാമത്തേയും സ്ഥലമാറ്റമാണിത്. ഷാജിക്കിനെ കഴിഞ്ഞ മാസമാണു പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. അവിടെ ഒരു മാസം തികയ്ക്കും മുമ്പേ കുത്തനൂരിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് മൂന്നു ദിവസം മുമ്പാണു ഉത്തരവ് ഇറങ്ങിയത്.
സാബു ജോര്‍ജ് ഒരു വര്‍ഷത്തിനിടെ കാറളവും അന്നമനടയും കടമ്പഴിപ്പുറവും പിന്നിട്ടാണ് നാട്ടികയിലെത്തിയത്. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണു പഞ്ചായത്ത് സെക്രട്ടറിമാരുടെ സ്ഥലം മാറ്റ ഉത്തരവുകളിറങ്ങുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസില്‍ നിന്നു നേരിട്ട് വിളിച്ചു പറയുന്നതനുസരിച്ചാണു ഉത്തരവുകളേറെയും. ഐഎഎസ് ഉദ്യോഗസ്ഥയായ പഞ്ചായത്ത് ഡയറക്ടറെ നോക്കുകുത്തിയാക്കി ഡയറക്ടറേറ്ററിലെ അഡീഷണല്‍ ഡയറക്ടറാണു ഇത്തരം ഉത്തരവുകള്‍ ഒപ്പിടുന്നത്. വകുപ്പു മന്ത്രിയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണു അഡീഷണല്‍ ഡയറക്ടര്‍. മന്ത്രിയുടെ താത്പര്യം സംരക്ഷിച്ചു കൊടുക്കലാണു ഇദ്ദേഹം. മാത്രമല്ല സിപിഎം അനുകൂലിയുമാണു ഇദ്ദേഹം. ലോക്ക് ഡൗണില്‍ 24 മണിക്കൂറും പ്രവര്‍ത്തന നിരതരായി നിലകൊണ്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കാനുള്ള ഉത്തരവാദിത്വം ഏല്‍പ്പിച്ചത് ഈയിടെയാണ്. അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെക്രട്ടറിമാരെയാണു രാഷ്ട്രീയ സ്വാധീനത്തിന്റെ പേരില്‍ സ്ഥലം മാറ്റി കൊണ്ടിരിക്കുന്നത്.