ലൈഫ് പദ്ധതി: അപേക്ഷകള്‍ സമര്‍പ്പിക്കണം
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലുള്ളതും ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്തതുമായ അര്‍ഹരായ ഭൂരഹിതഭവനരഹിതര്ക്കും ഭൂമിയുള്ള ഭവനരഹിതര്‍ക്കും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ഈ മാസം 14 വരെ അവസരം ഉണ്ടായിരിക്കും. ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒരു കുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിനു മാത്രമായി പരിഗണിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവരോ ആയ കുടുംബങ്ങള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയായിരിക്കണം. നഗരസഭ പ്രദേശത്ത് അഞ്ചു സെന്റോ അഞ്ചു സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
ഉപജീവനത്തിനല്ലാതെ നാലുചക്രവാഹനം സ്വന്തമായുള്ള കുടുംബങ്ങള്‍ക്കു അപേക്ഷിക്കാന്‍ സാധിക്കില്ല. അവകാശികള്‍ക്ക് വസ്തു ഭാഗം ചെയ്ത സാഹചര്യത്തില്‍ സ്വന്തം പേരില്‍ സാങ്കേതികമായി ഭൂമിയില്ല എന്ന കാരണത്താല്‍ ഭൂരഹിതരായവര്‍ക്കു അപേക്ഷിക്കാന്‍ സാധിക്കില്ല. ജീര്‍ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങളുള്ളവര് എന്ന നഗരസഭ എന്‍ജിനീയറുടെ സാക്ഷ്യപത്രം ലഭിച്ചവര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തവര്‍/റേഷന്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലാത്തവര്‍/റേഷന്‍ കാര്‍ഡില്‍ പേരുള്ള കുടുംബാംഗങ്ങളുടെ മൊത്തം പേരും കൂടി മൂന്നു സെന്റില്‍ കുറവ് ഭൂമിയുള്ളവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെല്‍പ്പ് ഡെസ്ക് വഴി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9496081159, 9847267371, 9072811542.