സജീകരണമൊരുക്കാൻ തയാറായി മുകുന്ദപുരം താലൂക്ക്തല യോഗം
മുകുന്ദപുരത്ത് പ്രളയ മുന്നൊരുക്കം
106 കെട്ടിടങ്ങള്‍ കണ്ടെത്തി
വെള്ളപ്പൊക്ക സാധ്യതയുള്ള പഞ്ചായത്തുകള്‍ക്ക് പ്രത്യേക കമ്മിറ്റികള്‍
ഇരിങ്ങാലക്കുട: പ്രളയസാധ്യത മുന്നില്‍ക്കണ്ട് നാലു തരത്തില്‍ ആളുകളെ പാര്‍പ്പിക്കാന്‍ സജീകരണമൊരുക്കാന് മുകുന്ദപുരം താലൂക്ക്തല യോഗം തീരുമാനിച്ചു. മുകുന്ദപുരം താലൂക്ക് ചാര്‍ജ് ഓഫീസര്‍ ആര്‍ഡിഒ സി. ലതികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണു തീരുമാനം. എ വിഭാഗത്തില്‍ സാധാരണ ആളുകളെ ക്യാമ്പില്‍ പാര്‍പ്പിക്കുക, ബി യില്‍ 60 വയസിനു മുകളിലുള്ളവരും മറ്റു രോഗമുള്ളവരും കുട്ടികളേയും പാര്‍പ്പിക്കുക. അവയ്ക്കു രണ്ടിനും ഒരേ സ്ഥലത്ത് രണ്ടു ബ്ലോക്കുകളുണ്ടെങ്കില്‍ അവിടെ പാര്‍പ്പിക്കാം. സി കാറ്റഗറിയില്‍ കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ (പോസിറ്റീവ് അല്ല) പാര്‍പ്പിക്കുക, ഡിയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ മാറ്റി പാര്‍പ്പിക്കുക എന്നിങ്ങനെ നാലു തരത്തിലുള്ള വിഭാഗക്കാര്‍ക്കു കെട്ടിടം കണ്ടെത്തിയതു വിലയിരുത്തി. എ, ബി വിഭാഗങ്ങളില്‍ നേരത്തെ തന്നെ കെട്ടിടങ്ങള്‍ ഉണ്ട്. സി, ഡി എന്നിവയ്ക്കു കുറവാണു പഞ്ചായത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ഓരോ മുറിയിലും ശൗചാലയം സൗകര്യമടക്കമുള്ളവ ആവശ്യമായതിനാല്‍ അത്തരം കെട്ടിടങ്ങള്‍ കൂടുതല്‍ കണ്ടെത്താന്‍ യോഗം നിര്‍ദേശം നല്കി. ഓരോ സ്ഥലത്തും സാനിറ്റൈസര്‍, മാസക്, ഗ്ലൗസ്, അത്യാവശ്യ സാധനങ്ങള്‍, തെര്‍മോ സ്കാനര്‍, ഓക്സിമീറ്റര്‍ എന്നിവയെല്ലാം സജ്ജമാക്കാന്‍ പഞ്ചായത്തുകളോടും ക്യാമ്പുകളൊരുക്കാന് വില്ലേജ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്കി. മുകുന്ദപുരം താലൂക്കില്‍ നാലു വിഭാഗങ്ങളിലായി 106 കെട്ടിടങ്ങളാണു കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ സി, ഡി വിഭാഗത്തില്‍ വളരെ കുറച്ച് കെട്ടിടങ്ങള്‍ മാത്രമാണു ലഭ്യമായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വെള്ളം കൂടുതല്‍ കയറിയ പടിയൂര്‍, കാട്ടൂര്‍, കാറളം, നെന്മണിക്കര, പറപ്പൂക്കര തുടങ്ങിയ പഞ്ചായത്തുകള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മണ്ണിടിച്ചില്‍ ഭീഷണിയുള്ള മുസാഫരിക്കുന്ന്, വാതില്‍മാടം, പുത്തന്‍ചിറയിലെ കുറച്ച് ഭാഗങ്ങള്‍, ആമ്പല്ലൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും അപകടസാധ്യത മുന്നില്‍ കണ്ടാല്‍ പെട്ടന്നുതന്നെ തൊട്ടടുത്ത് ക്യാമ്പുകളായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലങ്ങളിലേക്കോ, ബന്ധുവീടുകളിലേക്കോ മാറാനാണു നോട്ടീസ്. ഇതിനായി പ്രത്യേക തല പഞ്ചായത്ത് കമ്മിറ്റികളെ ചുമതലപ്പെടുത്താന്‍ നിര്‍ദേശിച്ചു. കോവിഡ് രോഗികളെ മാറ്റുന്നതിനായി ഓരോ പഞ്ചായത്തും ആംബുലന്‍സ് സൗകര്യമൊരുക്കാന്‍ യോഗം നിര്‍ദേശിച്ചു. മന്ത്രി സി. രവീന്ദ്രനാഥ്, പ്രഫ. കെ.യു. അരുണന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.