താളം മുറിഞ്ഞ് നൃത്തവിദ്യാലയങ്ങള്‍
കോവിഡ് പ്രതിസന്ധിയില്‍ നൃത്ത അധ്യാപകര്‍
ഇരിങ്ങാലക്കുട: നൃത്ത വിദ്യാലയങ്ങളില്‍ നിന്നും ചിലങ്കയുടെ മണികിലുക്കം ഉയരുന്നില്ല. നൃത്തചുവടുകളുമില്ല, നൃത്തത്തിനു ഈണം പകര്‍ന്ന വാദ്യനാദങ്ങളുമില്ല. കോവിഡ് ഭീതി മൂലം അഴിച്ചു വച്ച ചിലങ്കകളും താളങ്ങളില്ലാത്ത വാദ്യോപകരണങ്ങളുമാണ് അവിടെയുള്ളത്. പ്രതിസന്ധിയിലായ നൃത്തവിദ്യാലയങ്ങളും ജീവതതാളം മുറിഞ്ഞ അധ്യാപകരുമാണ് ഈ കലാകേന്ദ്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ….. ആളുകള്‍ ഒഴിഞ്ഞതോടെ അരങ്ങു നിര്‍ജ്ജീവമായി. ഇതോടെ നൃത്ത വിദ്യാലയങ്ങളുടെ വാടക പോലും അടയ്ക്കാനാവാതെ നട്ടം തിരിയുകയാണ് പല അധ്യാപകരും. നൃത്തത്തില്‍ ബിരുദം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രമുഖ നാട്യവിദ്യാലയങ്ങള് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, കുട്ടികള്‍ മുതല്‍ അമ്മമാര്‍ വരെ വിദ്യാര്‍ഥികളായ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രാവര്‍ത്തികമാവില്ല….. ഓരോ ചുവടും മുദ്രയും നേരിട്ട് പഠിപ്പിക്കേണ്ടതുണ്ട്. പഠിച്ചുകൊണ്ടിരുന്ന ചുവടുകള്‍ വീട്ടിലിരുന്ന് നിരന്തരം പരിശീലിക്കാനാണ് അധ്യാപകര്‍ ഇപ്പോള്‍ ഉപദേശിക്കുന്നത്. അധ്യാപകരെ വച്ച് സ്ഥാപനം നടത്തിയവരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കലാരംഗത്ത് ഒരു വര്‍ഷം കടന്നു പോയതു മാത്രം ബാക്കി. നൃത്തത്തോടുള്ള കുട്ടികളുടെ അഭിരുചി നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. അധ്യാപകര്‍ക്ക് വീടുകളില്‍ കയറി ക്ലാസെടുക്കുവാന്‍ പോലും സാധിക്കാത്തതും കുട്ടികളെ പുറത്തിറക്കാത്തതും കൊറോണ കാലഘട്ടത്തില്‍ നൃത്തകലക്കു വലിയ തിരിച്ചടിയായി. കലാരംഗത്ത് അധ്യാപനവുമായി രംഗത്തുണ്ടായിരുന്നവര്‍ പലരും ഉപജീവനത്തിനായി മറ്റു പല ജോലികളും തേടി പോകുന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സ്റ്റേജ് പരിപാടികളില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം പൂര്‍ണമായും നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് സ്കൂള്‍ കലോത്സവങ്ങളും ആരാധനാലയങ്ങളിലെ ആഘോഷങ്ങളും ഉപേക്ഷിക്കപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് കലാപരിശീലകരുടെ കഷ്ടകാലം. വേനലവധിക്കാലത്ത് ധാരാളം കുട്ടികള്‍ നൃത്തപഠനം ആരംഭിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ അതും നഷ്ടമായി. പല കുട്ടികളുടെയും അരങ്ങേറ്റം നീട്ടിവച്ചിരിക്കുകയാണ്. അതും എന്ന് നടത്താം എന്നു ഉറപ്പിക്കുവാന്‍ സാധിക്കാതെ. ഇതോടെ, അരങ്ങേറ്റം കുറിക്കുന്ന കുട്ടികളില്‍ നിന്ന് ദക്ഷിണയായി ലഭിച്ചിരുന്ന വരുമാനവും ഇല്ലാതായി. സ്ത്രീകളില്‍ പലരും അമിതവണ്ണം കുറയ്ക്കാനും ആരോഗ്യസംരക്ഷണത്തിനുമായി നൃത്തത്തെ ആശ്രയിച്ചതോടെ വിവാഹിതരും അമ്മമാരുമായ നൃത്ത ‘വിദ്യാര്‍ഥി’കളുടെ എണ്ണം അഞ്ച് വര്‍ഷത്തിനിടെ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും താളം തെറ്റിയിരിക്കുകയാണ്. ഈ മേഖലയെ ആശ്രയിക്കുന്ന മേക്കപ്പ്, കോസ്റ്റ്യൂം ഡിസൈനര്‍, പക്കമേളം തുടങ്ങിയ വിഭാഗങ്ങളുടെയും വരുമാനം നിലച്ചു.
പ്രതിസന്ധികള്‍
- നൃത്തവിദ്യാലയങ്ങളുടെ കെട്ടിടവാടക മുടങ്ങുന്നു
- ഓണ്‍ലൈന്‍ നൃത്ത ക്ലാസ് പ്രായോഗികമല്ല
- വീട്ടിലെത്തിയുള്ള ക്ലാസും മുടങ്ങി
പ്രതിമാസ ഫീസ്
- കുട്ടികള്‍: 300-400
- അമ്മമാര്‍: 400-450
- വീട്ടിലെത്തിയുള്ള പരിശീലനം: 2000-2500 (ശനി, ഞായര്‍)
മുരിയാട് മുരളീധരന് (കൈരളി നാട്യകലാക്ഷേത്രം)
വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ നടത്തുന്നത്. നാലു മാസമായി യാതൊരു വരുമാനവുമില്ല. വിദ്യാര്‍ഥികള്‍ കൂടുതലും കൊച്ചുകുട്ടികളായതിനാല് ഓണ്‍ലൈന്‍ ക്ലാസ് പ്രാവര്‍ത്തികമാവില്ല.
പ്രീതി നീരജ് (നൃത്യതി നൃത്ത ക്ഷേത്രം)
സാമൂഹിക അകലം നൃത്ത പരിശീലനത്തില്‍ പ്രായോഗികമല്ല. വെക്കേഷന് കാലത്തെ അഭിനയ കളരി ഇത്തവണ നടത്താന്‍ സാധിച്ചില്ല. സ്കൂള്‍ പഠനം പോലും ഓണ്‍ലൈന്‍ സംവിധാനത്തിലായതോടെ പലര്‍ക്കും നെറ്റ് വര്‍ക്ക് ലഭിക്കാത്ത അവസ്ഥ. നിരന്തരം മൊബൈല്‍ നോക്കിയുള്ള പഠനം പലരിലും ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടവരുത്തും.