യുവി മിസ്റ്റ് 19 എന്ന യന്ത്രം രൂപകല്പന ചെയ്ത് വള്ളിവട്ടം യൂണിവേഴ്സല്‍ കോളജ്
വള്ളിവട്ടം: കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗത്തിലെ സ്റ്റെഫിന് സണ്ണി എന്ന നാലാം വര്‍ഷ വിദ്യാര്‍ഥി യുവി മിസ്റ്റ് 19 എന്ന യന്ത്രം രൂപകല്പന ചെയ്തു. നമ്മുടെ ദൈനംദിന ഉപയോഗവസ്തുക്കളും കൈകളും സാനിറ്റൈസ് ചെയ്യാന്‍ അള്‍ട്രാ വയലറ്റ് സി കാറ്റഗറി ലാബും സാനിറ്റൈസര്‍ മിസ്റ്റ് സ്പ്രേയിംഗും സംയോജിപ്പിച്ചു കൊണ്ടുപോകാന്‍ പറ്റുന്ന ഈ യന്ത്രം ടി.എന്‍. പ്രതാപന് എംപിയുടെ സാന്നിധ്യത്തില്‍ കോളജിലേക്കു സമര്‍പ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ജോസ് കെ. ജേക്കബ്, കോളജ് വൈസ് ചെയര്മാന് പി.കെ. സലിം എന്നിവര്‍ പ്രസംഗിച്ചു. സമ്പര്‍ക്കമൂലം ഉണ്ടാകുന്ന കോവിഡ്19 ന്റെ രോഗവ്യാപനം തടയുവാന്‍ യുവി മിസ്റ്റ് 19 പോലത്തെ ഉപകരണം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും വീടുകളിലും സ്കൂള്‍ തുറന്നാല്‍ അവിടെയും വേണ്ട ആവശ്യം മുന്നില്‍ കണ്ടുകൊണ്ടാണു ഉപകരണം തയാറാക്കിയത്. ഈ ആശയം മുന്നില്‍ കണ്ടു കൊണ്ടു പ്രവര്‍ത്തിച്ച വകുപ്പ് മേധാവി വി.ആര്. രമ്യ, സ്റ്റാഫ് അംഗങ്ങളായ വി.എം. ശ്രീനാഥ്, ലത തോമസ്, എന്‍.വി. കണ്ണന് എന്നിവരെ കോളജ് മാനേജ്മെന്റ് അഭിനന്ദിച്ചു. യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം അസോസിയേഷന് ടെസ്ല ഇത്തരം മെഷീന് ഉണ്ടാക്കാന്‍ വേണ്ട എല്ലാ സഹായവും പുറമെയുള്ള വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി ഓണ്‍ലൈന്‍ മുഖേന നല്കുവാന് സജ്ജമാണ്. മാത്രമല്ല കോളജില്‍ പ്രവര്‍ത്തിക്കുന്ന സ്കില്ജെനിക്സ് എന്ന കമ്പനിയുമായി കൂടിച്ചേര്‍ന്ന് ഇതു ഒരു ഉത്പന്നമായി വിപണിയിലേക്കു എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഇങ്ങനെ വിദ്യാര്‍ഥികളെ സംരംഭകന് എന്ന നിലയിലേക്കു വളരുവാന്‍ വേണ്ട എല്ലാ പ്രോത്സാഹനവും നല്കി വരികയാണു കോളജ്.