ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വികസനം
രണ്ടാംഘട്ടം ഇന്ന് തുടങ്ങും
12 കോടി ചെലവില്‍ മൂന്ന് നിലകളിലാണ് കെട്ടിടം നിര്‍മിക്കുന്നത്
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയുടെ രണ്ടാംഘട്ട വികസനം ഇന്ന് തുടങ്ങും. ഇന്നു രാവിലെ 10 ന് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്യും. ആശുപത്രി കോമ്പൗണ്ടില്‍ നിര്‍മിച്ചുവരുന്ന മൂന്നുനിലക്കെട്ടിടത്തിന് മുകളില്‍ മൂന്നുനിലകള്‍ കൂടിയാണ് രണ്ടാംഘട്ടത്തില്‍ പണിയുന്നത്. ഇതിനായി നബാര്‍ഡില്‍നിന്ന് 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓപ്പറേഷന് തിയേറ്റര്‍ കോംപ്ലക്സ്, ഐസിയുകള്‍, രക്തബാങ്ക്, മെഡിക്കല്‍ റെക്കോഡ് ലൈബ്രറി, സ്പെഷ്യല്‍ റൂമുകള്‍, ഒപി വിഭാഗം റൂമുകള്‍, രജിസ്ട്രേഷന് സെന്റര്‍, ഫാര്‍മസി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിലുണ്ടാകുക. കെട്ടിടത്തിന്റെ താഴത്തെ മൂന്ന് നിലകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്ന് 2020 ഏപ്രില്‍ മുതല്‍ പുതിയ കെട്ടിടത്തിലാണ് മെഡിസിന് ഒപി വിഭാഗം പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റ് സംവിധാനം, അഗ്നിരക്ഷാ സംവിധാനങ്ങള്‍, റീറ്റെയിനിങ് വാള്, ടൈലിടല്‍, അലുമിനിയം ഫാബ്രിക്കേഷന്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൈവരി നിര്‍മാണം, പെയിന്റിംഗ്, വൈദ്യുതീകരണം എന്നിവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടൊപ്പം താഴത്തെ നിലകളിലെ ബാക്കിയുള്ള ജോലികളും പൂര്‍ത്തിയാക്കും. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ പലയിടത്തായുള്ള കാഷ്വാലിറ്റി, ഒപി, ലാബ്, ഫാര്‍മസി, എക്സ്റേ യൂണിറ്റ് എന്നിവയെല്ലാം അതിലേക്ക് മാറും. മൂന്നാമത്തെ നിലയില്‍ വാര്‍ഡുകളാണ് സജമാക്കുന്നത്. കാഷ്വാലിറ്റി കോംപ്ലക്സില്‍ മൈനര്‍ ഓപ്പറേഷന് തിയേറ്റര്‍, ഒബ്സര്‍വേഷന്‍ മുറി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.