ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റിവലിനു ഇന്നു കൊടിയേറും. ഫെസ്റ്റിവല്‍ 14, 15, 16 തിയ്യതികളില്‍
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ടൗണ്‍ അമ്പ് ഫെസ്റ്റിവലിനു ഇന്നു കൊടിയേറും. 14, 15, 16 തിയതികളിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് 5.30ന് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റ കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ദീപാലങ്കാരങ്ങളുടെ സ്വിച്ചോണ്‍ കര്‍മ്മം ഡിവൈഎസ്പി ബാബു കെ. തോമസ് നിര്‍വഹിക്കും. ശേഷം ശിങ്കാരിമേളം ഉണ്ടായിരിക്കും. നാളെ വൈകീട്ട് ആറിന് മതസൗഹാര്‍ദ്ദ സദസ് നടക്കും ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍, കൂടല്‍ മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് പ്രദീപ് മേനോന്, ഠാണാ ജുമ മസ്ജിദ് ഇമാം കബിര്‍ മൗലി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ശ്വാസകോശ വിദഗ്ധന്‍ ഡോ. റെന്നിസ് ഡേവിസ് കിഴക്കേപീടികയെ ആദരിക്കും. ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ സഹായ വിതരണം, ഗാനമേള എന്നിവ നടക്കും. 16ന് വൈകീട്ട് തെക്കേ അങ്ങാടിയിലെ സെന്റ് റാഫേല്‍ മാലാഖയുടെ കപ്പേളയില്‍ നിന്നും ബാന്റ് സെറ്റും, ശിങ്കാരിമേളവും, തേരും വര്‍ണക്കുടകളുമായി ആരംഭിക്കുന്ന അമ്പ് പ്രദക്ഷിണം മുനിസിപ്പല്‍ മൈതാനം വഴി നടയിലെത്തി ഠാണാ വഴി പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് വര്‍ണമഴ ഉണ്ടായിരിക്കും. തിരുനാളിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ടൗണ്‍ അമ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജിക്സണ്‍ മങ്കടിയാന്‍, പ്രസിഡന്റ് ബിനോയ് പുതുക്കാടന്‍, സംഘാടകരായ വിന്‍സന്‍ കോമ്പാറക്കാരന്‍, പോളി കേട്ടോളി, ഷാജു പാറേക്കാടന്‍, ടെല്‍സന്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ജെയ്സന് പൊന്തോക്കന്, ബെന്നി വിന്‍സെന്റ്, ജോജോ പള്ളന്‍, ഡയസ് ജോസഫ് എന്നിവര്‍ അറിയിച്ചു.