വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (വിഎഫ്എ) തസ്തികയില്‍ ജില്ലയില്‍ 56 ഒഴിവുകള്‍
ഇരിങ്ങാലക്കുട: വില്ലേജ് ഓഫീസുകളിലെ താല്‍ക്കാലിക വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ (വിഎഫ്എ) ഏപ്രില്‍ അവസാനം ജോലിയില്‍നിന്നും പിരിയുന്നതോടെ ജില്ലയിലെ വിഎഫ്എ ഒഴിവുകള്‍ 56 ആകും. എംപ്ലോയ്മെന്റ് എക്സേഞ്ച്വഴി നിയമനം നേടിയ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരും ആറുമാസകാലാവധി പൂര്‍ത്തിയാക്കി ഈ മാസം സേവനത്തില്‍ നിന്നും പിരിയും. റിട്ടയര്‍മെന്റ് ഒഴിവുകളും ബെറ്റര്‍ എംപ്ലോയ്മെന്റ് ഒഴിവുകളും കൂടി വരുമ്പോള്‍ ഒഴിവുകളുടെ എണ്ണം ഇനിയും ഉയരും. പിഎസ്സി റാങ്ക്ലിസ്റ്റ് നിലവിലില്ലാത്തതിനാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വഴി താല്കാലിക നിയമനം നേടിയവരാണ് ഈ തസ്തികയില്‍ കൂടുതലും ജോലി ചെയ്യുന്നത്. ഒഴിവുകളെല്ലാം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിരനിയമനത്തിനുള്ള പിഎസ്സി റാങ്ക്ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മുകുന്ദപുരം 14, തൃശൂര്‍ 13, കൊടുങ്ങല്ലൂര്‍ 7, തലപ്പിള്ളി 6, കുന്നംകുളം 6, ചാവക്കാട് 6, ചാലക്കുടി 4 എന്നിങ്ങനെയാണ് താലൂക്ക്തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം. പ്രാഥമിക പരീക്ഷ വിജയിച്ചവര്‍ക്കുള്ള അന്തിമപരീക്ഷ മെയ് 11ന് പിഎസ്സി നിശ്ചയിച്ചിട്ടുണ്ട്. ഷോര്‍ട്ട്ലിസ്റ്റും റാങ്ക്ലിസ്റ്റും ഏറ്റവും വേഗത്തില്‍ തയാറാക്കിയാല്പോലും സ്ഥിരനിയമനം ഒരുവര്‍ഷത്തോളം വൈകാനാണ് സാധ്യത. ജോലി ഭാരത്തിനനുസരിച്ച് ജീവനക്കാരില്ലാതെവരുന്നത് വില്ലേജ് ഓഫീസുകളുടെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ടെന്ന് പറയപ്പെടുന്നു. പിഎസ്സി റാങ്ക്ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍, വിഎഫ്എമാരുടെ നിലവിലെ 56 ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും കണക്കാക്കി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കേരളറവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് (കെആര്‍ഡി എസ്എ) ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി.