റൂറല്‍ പോലീസിന്റെ കോഡ് കോംബാറ്റ് 2023 ടെക് ഫെസ്റ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്നു
ഇരിങ്ങാലക്കുട: റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളജുകളുമായി സഹകരിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ ടെക്ഫെസ്റ്റ് കോഡ് കോംബാറ്റ് 2023 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടന്നു. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നും പോലീസിന് സഹായകരമാകുന്ന തരത്തില്‍ തയാറാക്കിയ സൈക്കോട്രോപിക് ഡ്രഗ് ഡിറ്റക്ടറുകള്‍, പൂട്ടിയ വീടുകളുടെ സെന്‍സറുകള്‍, ട്രാഫിക് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ദുരന്തനിവാരണത്തിനുള്ള റോബോട്ടുകള്‍ എന്നിങ്ങനെ വിവിധ പദ്ധതികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. വിവരസാങ്കേതിക രംഗത്ത് വിദ്യാര്‍ഥികളും പോലീസും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ മനസിലാക്കി അവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റൂറല്‍ പോലീസ് ടെക്ഫെസ്റ്റ് നടത്തിയത്. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്, ഇരിങ്ങാലക്കുട, തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഇരിങ്ങാലക്കുട, സെയ്ന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട, യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ്, വള്ളിവട്ടം, ശ്രീരാമ ഗവ. പോളിടെക്നിക് കോളജ്, തൃപ്രയാര്‍, മീറ്റ്സ് സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ്, കുരുവിലശേരി മാള, ഐസിസിഎസ് കോളജ് ഓഫ് എന്‍ജിനീയറിംഗ്, മുപ്ലിയം, സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ്, കൊടകര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പദ്ധതികള്‍ അവതരിപ്പിച്ചത്. എഡിജിപി എം.ആര്. അജിത്കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ഐജി നീരജ്കുമാര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ തേജ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡേംഗ്രേ, ഡിവൈഎസ്പി ബാബു കെ. തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.