പുല്ലൂര്‍ പൊതുമ്പുചിറ ശുചീകരിച്ച് ക്ലീന്‍ ഗ്രീന്‍ മുരിയാടിന് തുടക്കം

ഇരിങ്ങാലക്കുട: ഗ്രീന്‍ ക്ലീന്‍ മുരിയാട് പദ്ധതി ജില്ലാ കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ ഐഎഎസിന്റെ നേതൃത്വത്തില്‍ പുല്ലൂര്‍ പൊതുമ്പുചിറ ശുചീകരണപ്രവര്ത്തനത്തോടെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷതവഹിച്ചു. സംസ്ഥാനത്ത് ആദ്യമായി 17 വാര്‍ഡ് അംഗങ്ങളുടേയും ഭവനങ്ങള്‍ ഹരിതഭവനമായി പ്രഖ്യാപിച്ചുകൊണ്ട് ഹരിതഭവനപദ്ധതിക്കും പഞ്ചായത്ത് ഓഫീസ് ഹരിതസ്ഥാപനമായി പ്രഖ്യാപിച്ചുകൊണ്ട് ഹരിതസ്ഥാപന പദ്ധതിക്കും തുടക്കംകുറിച്ചു.
ഏകദേശം മൂന്ന് ഏക്കറോളം വരുന്ന പൊതുമ്പു ചിറയും പരിസരവുമാണ് ശുചീകരണ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നിട്ടുള്ളത്. നവകേരളം കര്‍മപദ്ധതി ജില്ല കോഓര്‍ഡിനേറ്റര്‍ സി. ദ്വിതിക മുഖ്യതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ സേവ്യര്‍ ആളൂക്കാരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.പി. ജസീന്ത നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസസമിതി ചെയര്മാന് കെ.യു. വിജയന്, വികസനകാര്യസമിതി ചെയര്മാന് കെ.പി. പ്രശാന്ത്, ക്ഷേമകാര്യസമിതി ചെയര്മാന് സരിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.