പച്ച ഊര്‍ജ ക്യാമ്പയിന് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാറളം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയും ഐആര്‍ടിസി സ്ഥാപനമായ പിപിസിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പച്ച ഊര്‍ജ ക്യാമ്പയിന് തുടക്കമായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സെക്രട്ടറി എം.എ. ഉല്ലാസിന്റെ വസതിയില്‍ സ്ഥാപിച്ച പുരപ്പുറ ഊര്‍ജനിലയത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് മന്ത്രി ഡോ.ആര്. ബിന്ദു ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. ഹരിതോര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനും അതുവഴി കേരളത്തിന്റെ പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പച്ച ഊര്‍ജ ക്യാമ്പയിന് ആരംഭിച്ചത്.
പരിഷത്ത് തൃശൂര്‍ ജില്ലാ പ്രസിഡന്റ് പ്രഫ. സി. വിമല അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മിനി ഫ്രാന്‍സിസ് മുഖ്യാതിഥിയായി. കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, പരിഷത്ത് ജില്ലാ സെക്രട്ടറി അഡ്വ. ടി.വി. രാജു, ഊര്‍ജ ക്യാമ്പയിന് കണ്‍വീനര്‍ ഒ.എന്‍. അജിത്കുമാര്‍, പരിഷത്ത് മേഖലാ സെക്രട്ടറി എം.എ. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. പ്രൊഡക്ഷന്‍ സെന്റര്‍ സെക്രട്ടറി എം. ഹരീഷ്കുമാര്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.