തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് കോണ്‍ക്രീറ്റിടല്‍; മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു

കരുവന്നൂര്‍: തൃശൂര്കൊടുങ്ങല്ലൂര് സംസ്ഥാന പാതയില്‍ കോണ്ക്രീറ്റിടലിന്റെ ഭാഗമായി കരുവന്നൂര്‍ വലിയ പാലം മുതല്‍ പുത്തന്‍തോട് വരെയുള്ള റോഡില്‍ ഒരു ഭാഗം പൊളിച്ചുതുടങ്ങി. മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം രാത്രി മുതലാണ് കെഎസ്ടിപി റോഡ് പൊളിച്ചുനീക്കിത്തുടങ്ങിയത്. മാപ്രാണം മുതല്‍ പുത്തന്‍ തോട് വരെയുള്ള റോഡില്‍ ഒരു വശത്തെ കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയാക്കി രണ്ടാമത്തെ വശത്തെ റോഡ് പൊളിച്ചുതുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇരിങ്ങാലക്കുട നഗരസഭയെയോ, പോലീസിനെയോ അറിയിക്കാതെ പെട്ടെന്ന് വലിയ പാലം മുതല്‍ റോഡ് പൊളിച്ചുതുടങ്ങിയത്. മുന്നറിയിപ്പില്ലാതെ ദ്രുത ഗതിയിലുള്ള റോഡ് പൊളി ക്കല്‍ ആരുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കെഎസ്ടിപി അധികൃതരും കൈമലര്‍ത്തുകയാണ്. തൃശൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ നേരിട്ടും ഇരിങ്ങാലക്കുടയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന് പൊറത്തിശേരി കാറളം വഴി മൂര്‍ക്കനാട് ബണ്ട് റോഡ് വഴി കരുവന്നൂര്‍ വലിയപാലത്തിലേക്ക് ചെന്ന് കയറുന്ന രീതിയിലുമാണ് ബസുകളും മറ്റുവാഹനങ്ങളും പോകുന്നത്. വലിയതോതില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്തുള്ള ഈ പൊളിക്കല്‍ ഗതാഗതക്കുരുക്കിനിടയാക്കുന്നുവെന്ന പരാതിയുമുണ്ട്.
കമ്പികള്‍ പുറത്തേക്ക് ഭീഷണി
ഒരു വശം കോണ്‍ക്രീറ്റിടല്‍ പൂര്‍ത്തിയായ ഭാഗത്ത് കോണ്‍ക്രീറ്റില്‍ നിന്നും പുറത്തേക്കു തള്ളി നില്ക്കുന്ന കമ്പികള്‍ യാത്രക്കാര്‍ക്കു ഭീഷണിയാണ്. എതിരെ വാഹനങ്ങള്‍ വന്നാല്‍ കോണ്‍ക്രീറ്റ് റോഡിനോട് ചേര്‍ന്ന് സൈഡ് കൊടുക്കുമ്പോള്‍ കമ്പിയില്‍ ഉരയാനും ഇടിച്ചു കയറാനും അപകട സാധ്യതയുണ്ട്. ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് ഈ കമ്പികള്‍ കൂടുതല്‍ ഭീഷണി. രാത്രി ഇവ കാണാനും ബുദ്ധിമുട്ടാണ്.