ലഹരിക്കെതിരെ ഇരിങ്ങാലക്കുടയില്‍ മധുരം ജീവിതം

ലഹരിക്കെതിരെ ഇരിങ്ങാലക്കുടയില്‍ മധുരം ജീവിതം സംഘാടസമിതി യോഗം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ജൂണ്‍ ഒന്നു മുതല്‍; മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: സമൂഹം നേരിടുന്ന ഏറ്റവും ആപല്‍ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ പ്രതിരോധ സജ്ജരാക്കുന്ന മധുരം ജീവിതം ക്യാമ്പയിനിന് ജൂണ്‍ ഒന്നിന് തുടക്കമാവും. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന വിപുലമായ മധുരം ജീവിതം സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. മന്ത്രി ഡോ. ആര് ബിന്ദു ചെയര്‍പേഴ്സണും ഇരിങ്ങാലക്കുട ആര്‍ഡിഒ പി. ഷിബു കണ്‍വീനറുമായി 501 അംഗ സംഘാടക സമിതിയ്ക്ക് യോഗം രൂപം നല്കി.
ഇരിങ്ങാലക്കുടയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, അധ്യാപകര്‍, കലാകാരന്മാര്, വിദ്യാര്‍ഥി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, വിവിധ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് സംഘാടകസമിതി രൂപീകരിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ ഓരോ പൗരനെയും ഈ ആപത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ കണ്ണി ചേര്‍ക്കുന്ന വിധത്തിലാണ് സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുള്ള ലഹരിവിരുദ്ധ പ്രചാരങ്ങളുടെ ഭാഗമായി, ഇരിങ്ങാലക്കുടയില്‍ മധുരം ജീവിതം ക്യാമ്പയിന് പ്രത്യേകമായി ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഇതിനായുള്ള തനത് അവബോധരൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപരേഖ തയ്യാറാക്കി. ബൃഹത്തായ കര്‍മ്മസേനയ്ക്ക് രൂപം നല്കി, സംഘമായുള്ള ഭവന സന്ദര്‍ശനങ്ങളും ലഘുലേഖ വിതരണവുമടക്കം ഉള്‍പ്പെടുത്തിയാണ് മധുരം ജീവിതം, ലഹരിക്കെതിരെ ഇരിങ്ങാലക്കുടയുടെ മനസ്സുണര്‍ത്തുക.
മനുഷ്യച്ചങ്ങല അടക്കമുള്ള വിപുലമായ ജനകീയൈക്യ പദ്ധതികളും പ്രചാരണത്തിന്റെ ഭാഗമായി ഒരുക്കാന്‍ യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് അധ്യക്ഷയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.ആര്. ജോജോ, ലിജി രതീഷ്, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, ആര്‍ഡിഒ പി. ഷിബു, അഡീഷണല്‍ എസ്പി ബി.എ. ഉല്ലാസ്, എക്സൈസ് സിഐ എന്‍. ശങ്കര്‍, ഡിഇഒ ഷൈല, എഇഓ നിഷ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പ് മേലധികാരികള്‍,എന്‍എസ്എസ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എ.എന്‍. അന്‍സര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ, സജു ചന്ദ്രന്, കാട്ടിക്കുളം ഭരതന്, പ്രദീപ് മേനോന് തുടങ്ങിയവര്‍ സംസാരിച്ചു.