വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ്; മാനേജിംഗ് ഡയറക്ടര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പില്‍ മാനേജിംഗ് ഡയറക്ടര്‍ അറസ്റ്റില്‍. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതിയും സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ ഒരാളുമായ എറണാകുളം ജില്ല പറക്കടവ് വില്ലേജ് എലാവൂര് സ്വദേശി കല്ലറക്കല്‍ വീട്ടില്‍ ഷാജന് (53) നെയാണ് അറസ്റ്റു ചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം എലാവൂരുള്ള പ്രതിയുടെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ പ്രവര്‍ത്തിച്ചുവരുന്ന വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട ബ്രാഞ്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നും കോടികള്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആയി സ്വീകരിച്ച ശേഷം നാളിതുവരെ പലിശ നല്‍കാതെയും നിക്ഷേപിച്ച പണം തിരികെ നല്‍കാതെയും തട്ടിപ്പ് നടത്തിയ കേസിലാണ് കെ.പി. ഷാജനെ അറസ്റ്റു ചെയ്തത്. ജില്ലയില്‍ പലസ്ഥലങ്ങളിലും ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്തു ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ കെ.പി. ഷാജനും മറ്റു പ്രതികള്‍ക്കും എതിരെ നൂറുകണക്കിന് പേരുടെ പരാതിയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ മാത്രം 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കെ.പി. ഷാജന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 18 ഉം കുന്നംകുളം പോലീസ് സ്റ്റേഷനില്‍ 36 ഉം തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ 23ഉം കൂടി ആകെ 59 തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. സ്ഥാപനത്തിന്റെ മാനേജര്‍ ആയിരുന്ന മുട്ടിത്തടി സ്വദേശിനിയായ അറക്കല്‍ വീട്ടില്‍ ജീവലത (39), മുഖ്യപ്രതിയും മുന്‍ ചെയര്‍മാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടില്‍ സജീഷ് കുമാര്‍ (45) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത റിമാന്‍ഡ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, ഡാന്‍സാഫ് എസ്ഐ പി. ജയകൃഷ്ണന്, ജൂണിയര്‍ എസ്ഐ സഹദ്, എഎസ്ഐമാരായ ഷാബു ടി.കെ. ഗിരീശ്വരന്‍, സിപിഒ മാരായ അരുണ്‍ജിത്ത്, കമല്‍ കൃഷ്ണ, ഡ്രൈവര്‍ സിപിഒ മുരളീ കൃഷ്ണ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്ഉണ്ടായിരുന്നത്.