സിപിഐ ജില്ലാ പ്രതിനിധി സമ്മേളനം തുടങ്ങി
സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.
എല്‍ഡിഎഫ് തന്നെ മൂന്നാം വട്ടവും അധികാരത്തില്‍ വരട്ടെ എന്നാണ് ജനങ്ങള്‍ പറയുന്നത്.- സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ഇരിങ്ങാലക്കുട: ഒന്നാം വട്ടവും രണ്ടാം വട്ടവും ഭരിക്കുന്ന എല്‍ഡിഎഫ് തന്നെ മൂന്നാം വട്ടവും അധികാരത്തില്‍ വരട്ടെ എന്നാണ് ജനങ്ങള്‍ പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേദഹം. ജനങ്ങളുടെ ഈ തീരുമാനത്തെ മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതിനായി എന്ത് തലതിരിഞ്ഞ പ്രവൃത്തികളും അവര്‍ ചെയ്യും. ബിജെപിയുമായി വലിയ ചങ്ങാത്തത്തിലാണ് യുഡിഎഫ്. വടകര, ബേപ്പൂര്‍ മോഡല്‍ സംഖ്യത്തിന്റെ തഴമ്പാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തിയില്‍. എസ്ഡിപിയെ അടക്കം പുതുരൂപങ്ങളെ ചേര്‍ത്തുകൊണ്ട് ആ പഴയ സംഖ്യം വിപുലീകരിച്ചിരിക്കുകയാണിന്ന് കോണ്‍ഗ്രസും യുഡിഎഫും.
എല്ലാ അടവും പയറ്റിയാലും കോണ്‍ഗ്രസിന്റെ ആ നീക്കത്തെ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും അദേദഹം കൂട്ടിചേര്‍ത്തു. സിപിഐ സംസ്ഥാന എക്സി. അംഗം സി.എന്‍. ജയദേവന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പചക്രം സമര്‍പ്പിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആര്. രമേഷ്കുമാര്‍ രക്തസാക്ഷി പ്രമേയവും ജില്ലാ എക്സി. അംഗം കെ.ജി. ശിവാനന്ദന് അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അന്തരിച്ച കാനം രാജേന്ദ്രനും ദേശീയ സെക്രട്ടേറിയറ്റംഗമായിരിക്കെ അന്തരിച്ച അതുല്‍കുമാര്‍ അഞ്ജാനും പ്രത്യേകം അനുശോചനം രേഖപ്പെടുത്തി.
കെ.വി. വസന്തകുമാര്‍ ചെയര്‍മാനും കെ.എസ്. ജയ, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, എന്‍.കെ. ഉദയപ്രകാശ്, ബിനോയ് ഷെബീര്‍ എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയവും പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങിയ സിറ്റിയറിംഗ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ടി.കെ. സുധീഷ് കണ്‍വീനറായ പ്രമേയ കമ്മിറ്റിയും ടി. പ്രദീപ് കുമാര്‍ കണ്‍വീനറായ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും രാഗേഷ് കണിയാംപറമ്പില്‍ കണ്‍വീനറായ മിനിറ്റ്സ് കമ്മിറ്റിയും സമ്മേളനം തെരഞ്ഞെടുത്തു.
രാജേന്ദ്ര ആര്‍ലേക്കറെ ഉടന്‍ തിരിച്ചുവിളിക്കണം; ഗവര്‍ണര്‍ പദവി എടുത്തുകളയണം: സിപിഐ ജില്ലാ സമ്മേളനം
ഇരിങ്ങാലക്കുട: ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട്, ഭരണഘടനാ വിരുദ്ധമായ നലപാട് സ്വീകരിക്കുന്ന കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ അടിയന്തരമായി തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതി തീരുമാനമെടുക്കണമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘ്പരിവാറിന്റെ ഫാസിസ്റ്റ് വര്‍ഗീയ താല്പര്യങ്ങള്ക്കെതിരു നില്ക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാനുള്ള രാഷ്ട്രീയ ആയുധമാണ് ഗവര്‍ണര്‍ പദവി. വിശ്വാസ്യതയില്ലാത്ത രാഷ്ട്രീയക്കാരെയോ സംസ്ഥാന രാഷ്ട്രീയത്തിന് പറ്റാത്തവരെയുമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഗവര്‍ണര്‍മാരായി അയയ്ക്കുന്നത്.
ആര്‍എസ്എസുമായി ഉറ്റബന്ധമുള്ളവരാണ് ഇത്തരം പദവികളില്‍ അവരോധിക്കപ്പെടുന്നത്. കേന്ദ്രത്തിന് താല്പര്യമില്ലാത്ത സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നത് മാത്രമാണ് ഇവരെ ഏല്പിച്ചിട്ടുള്ള രാഷ്ട്രീയ ദൗത്യം. ഇത്തരം ആളുകള്‍ രാജ്ഭവനുകളെ സംഘ്പരിവാര്‍ ആസ്ഥാനങ്ങളാക്കി മാറ്റുന്നു. ഭരണഘടനാ തത്വങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന ആര്‍എസ്എസ് ഗവര്‍ണര്‍മാരെയാണ് കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോഡി ഭരണകാലത്ത് കാണുന്നത്. നേരത്തെ ആരിഫ് മുഹമ്മദ് ഖാനും ഇപ്പോള്‍ രാജേന്ദ്ര ആര്‍ലേക്കറും നടപ്പാക്കുന്ന സംഘ്പരിവാര്‍ അജണ്ടകള്‍ ഫെഡറല്‍ സംവധാനത്തിന്റെയും ജനാധിപത്യ മര്യാദകളുടെയും എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു.
അന്തര്‍ദ്ദേശീയ തലത്തില്‍ അംഗീകാരം നേടിയ നമ്മുടെ സംസ്ഥാനത്തിന്റെ വിദ്യഭ്യാസ മേഖലയെ ആകെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് അജണ്ട രാജ്ഭവനില്‍ നിന്ന് ആസൂത്രിതമായാണ് തുടരുന്നത്. രാജ്ഭവനില്‍ നടന്ന പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണറുടെ പെരുമാറ്റം സംഘ്പരിവാറിന്റ തീവ്രത തിരിച്ചറിയിക്കുന്നതായിരുന്നു. രാജ്ഭവനില്‍ വച്ച് നടന്ന ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാരദാന വേദിയിലുണ്ടായതും ആര്‍ലേക്കറുടെ ആര്‍എസ്എസ് മുഖം വെളിപ്പെടുത്തുന്ന ഒന്നായിരുന്നു.
രണ്ടിടത്തും മന്ത്രിമാരായ പി. പ്രസാദും വി. ശിവന്‍കുട്ടിയും കേരള ജനത ആഗ്രഹിച്ച രീതിയിലാണ് മറുപടി നല്‍കിയത്. എന്നിട്ടും കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ചത് മതേതര കേരളത്തോടുള്ള വെല്ലുവിളിയായി കാണുന്നു. ഇത്തരം ചെയ്തികള്‍ അതിരുകടന്ന ഘട്ടത്തിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രേഖാമൂലം രാഷ്ട്രപതിക്ക് കത്തയച്ചത്.
എന്നാല്‍, രാഷ്ട്രപതിയില്‍ നിന്ന് ഉചിതമായനടപടി ഇനിയും ഉണ്ടായിട്ടില്ല. കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്നതിനുള്ള ആര്‍എസ്എസ് അജണ്ട വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഇന്ത്യയുടെ ഭരണഘടനയെയും ഭരണഘടന അനുശാസിക്കുന്ന ബഹുകക്ഷി ജനാധിപത്യ സംവിധാനത്തെയും ഫെഡറല്‍ ചട്ടക്കൂടുകളെയും തകര്‍ക്കുന്ന ഒരു സംവിധാനമാക്കി ഗവര്‍ണര്‍മാരെ മാറ്റുന്ന കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രം രാഷ്ട്രീയമായി നേരിടേണ്ട സ്ഥിതിയാണെന്നും പ്രമേയത്തില്‍ ചുണ്ടികാട്ടുന്നുണ്ട്.


സഹോദയ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ബാര്‍ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി റിമാന്റില്‍
കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്