ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഡോ. സ്റ്റാലിന് റാഫേല്‍, ജോണ്സണ് തോമസ്, റെനി ജോസഫ്.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് ത്രിരത്ന നേട്ടം. ജര്‍മ്മനിയില്‍വച്ചു നടക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന്റെ ഭാഗമാവാന്‍ സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ യൂണിവേഴ്സിറ്റി പുരുഷ- വനിതാ വിഭാഗം ബാസ്കറ്റ്ബോള്‍ ടീമിന്റെ സൈക്കോളജിസ്റ്റായി സെന്റ് ജോസഫ്സ് കോളജിലെ കായിക വിഭാഗം അധ്യാപകന് ഡോ. സ്റ്റാലിന് റാഫേല്‍, വനിതാ ബാസ്കറ്റ്ബോള്‍ ടീമിന്റെ സഹപരിശീലകനായി ജോണ്സണ് തോമസ്, ഇന്ത്യന്‍ യൂണിവേഴ്സിറ്റി വനിതാ വിഭാഗം വോളിബോള്‍ ടീമിന്റെ അംഗമായി കോളജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനി റെനി ജോസഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ഒരു കോളജില്‍ നിന്ന് വ്യത്യസ്തമായ മൂന്ന് വിഭാഗങ്ങളില്‍ അംഗങ്ങളായി പങ്കെടുക്കുന്ന അപൂര്‍വ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ കോളജാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്. സ്പോര്‍ട്ട്സ് സൈക്കോളജിയില്‍ അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനുള്ള സ്പോര്‍ട്സ് സൈക്കോളജിസ്റ്റാണ് ഡോ. സ്റ്റാലിന് റാഫേല്‍. നിരവധി തവണ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ വ്യക്തികളുടെയും, ടീമുകളുടെയും ഭാഗമായി അനുഭവസമ്പത്തുള്ള വ്യക്തിയാണ് അദ്ദേഹം. കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചുവരുന്നു.
എന്‍ഐഎസ് ഡിപ്ലോമയില്‍ രണ്ടാം റാങ്ക് നേട്ടക്കാരനായ ജോണ്സണ് തോമസ്, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാസ്കറ്റ്ബോള്‍ പരിശീലകനായി സേവനമനുഷ്ഠിച്ചുവരുന്നു. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെയും കേരള ടീമുകളുടെയും കോച്ചായി നിരവധി തവണ പ്രവര്‍ത്തിച്ച അനുഭവമുള്ളതുമാണ്. പാലക്കാട് സ്വദേശിനിയായ റെനി ജോസഫ്, അഞ്ചു വര്‍ഷമായി സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥിനിയാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി കേരള ജൂനിയര്‍ വോളിബോള്‍ ടീമുകളിലും റെനി അംഗമായിട്ടുണ്ട്.
സെന്റ് ജോസഫ്സിന്റെയും കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെയും കോച്ചായ എസ്. നിമ്മിയുടെ കീഴിലാണ് റെനിയുടെ പരിശീലനം. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ മുന്‍ കോച്ചായ സഞ്ജയ് ബാലികയുടെ കീഴിലാണ് വോളിബോള്‍ രംഗത്തേക്ക് കടന്നുവരുന്നത്. നിരവധി അന്തര്‍ദേശീയ, ദേശീയ കായിക താരങ്ങളെ കേരളത്തിന് സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളജിന്റെ ഈ അപൂര്‍വ്വ നേട്ടം, സ്പോര്‍ട്സ് ചരിത്രത്തില്‍ മറ്റൊരു സുര്ണയുഗത്തിന് ആരംഭം കുറിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അഭിപ്രായപ്പെട്ടു.