നാലമ്പലദര്‍ശനത്തിന് അഭൂതപൂര്‍വമായ തിരക്ക്; നഗരം ഗതാഗതകുരുക്കില്‍

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നാലമ്പലദര്ശനത്തിനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്.
അന്യസംസ്ഥാനങ്ങളില്‍ നിന്നും തീര്‍ഥാടകര്‍; പത്ത് സ്പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട: നാലമ്പലദര്‍ശനത്തിന് മേഖലയിലെ ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക്. കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായുള്ള വരി എംജി റോഡ് വരെ നീണ്ടപ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസും വളണ്ടിയര്‍മാരും എറെ ബുദ്ധിമുട്ടി. തീര്‍ഥാടകരെയും കൊണ്ട് എത്തിയ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ മെയിന്‍ റോഡിലും നിറഞ്ഞതോടെ നഗരം ഗതാഗതക്കുരുക്കിലായി. പുലര്‍ച്ചെ നാല് മണിയോടെ തുറന്ന നട 7.45 ന് അടച്ച് തുറന്നതിന് ശേഷം മൂന്നരയോടെയാണ് അടച്ചത്.
എണ്ണായിരത്തോളം പേര്‍ക്ക് അന്നദാനം നല്‍കിയതായും കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ തീര്‍ഥാടകര്‍ എത്തിയതായും ദേവസ്വം അധികൃതര്‍ അറിയിച്ചു. പായമ്മല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നട തുറന്ന് വൈകീട്ട് നാല് മണിയോടെയാണ് അടച്ചത്. 6000 ത്തോളം പേര്‍ക്ക് അന്നദാനം നല്‍കിയതായി ക്ഷേത്രം അധിക്യതര്‍ അറിയിച്ചു. തീര്‍ഥാടകരുടെ ക്യൂ അയോധ്യ ഹാള്‍ വരെ ഒരു ഘട്ടത്തില്‍ നീണ്ടു. കരുനാഗപ്പിള്ളി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ , പാലക്കാട്, ചേര്‍ത്തല, തൃശ്ശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നീ കേന്ദ്രങ്ങളില്‍ നിന്നായി പത്ത് സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.