വിടവാങ്ങിയത്, മുരിയാട് കര്‍ഷക സമരത്തിന് ഊര്‍ജം പകര്‍ന്ന വിപ്ലവ സൂര്യന്

വി.എസ്. അച്യുതാനന്ദന് മുരിയാട് കര്‍ഷക സമരപന്തലില്‍.
ഇരിങ്ങാലക്കുട: മുരിയാട് കര്‍ഷക സമരത്തിന് ഊര്‍ജം പകര്‍ന്ന വിപ്ലവ സൂര്യനാണ് വി.എസ്. അച്യുതാനന്ദന്. 2007 ജൂണ്‍ നാലിന് ഉച്ചതിരിഞ്ഞ് 2.30നായിരുന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് മുരിയാട് സമര പന്തല്‍ സന്ദര്‍ശിച്ചത്. അന്ന് രാവിലെ മുതല്‍ വി.എസ്. തൃശൂരിലെ രാമനിലയത്തിലുണ്ടായിരുന്നു. ഈ സമയം ഇടതുപക്ഷ നേതാക്കള്‍ മുരിയാട് സമരത്തെ തള്ളി പറഞ്ഞ് തൃശൂരില്‍ പത്രസമ്മേളനം നടത്തുകയായിരുന്നു. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാനും ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കുവാനും നിഗൂഢശക്തികളുടെ പിന്തുണയോടെ നടക്കുന്ന സമരമാണെന്നായിരുന്നു പ്രാദേശിക ഇടതു നേതാക്കളുടെ പ്രചരണം.

സ്വാതന്ത്രസമര സേനാനി കെ.പി. പോളി, കര്‍ഷകമുന്നേറ്റം മുഖ്യസംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍, വര്‍ക്കിംഗ് ചെയര്മാന് വി.വി. അയ്യപ്പന്, വൈസ് ചെയര്മാന് പി.സി. ആന്റണി, കെ.എ. കുഞ്ഞന്‍ എന്നിവര്‍ രാവിലെ തന്നെ രാമനിലയത്തില്‍ എത്തി മുഖ്യമന്ത്രി വി.എസി.നെ കണ്ട് കര്‍ഷക സമരത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി. സമര പന്തലില്‍ വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് വി.എസ്. മറുപടി നല്കി. ഉച്ചകഴിഞ്ഞ് മടക്ക യാത്രക്കായി കാറില്‍ കയറിയപ്പോഴാണ് വി.എസ്. ഗണ്‍മാനോട് പറഞ്ഞത്.
ഹൈവേയില്‍ വലിയതിരക്കായിരിക്കും അതിനാല്‍ മുന്‍മന്ത്രി പി.കെ. ചാത്തന് മാസ്റ്ററുടെ മാപ്രാണത്തെ വീടിനു സമീപത്തുകൂടി പോകാമെന്നും അതിനായി കരുവന്നൂര്‍ വഴി യാത്രതിരിക്കണമെന്നും നിര്‍ദേശം നല്കി. ആ യാത്ര എത്തിയത് മാപ്രാണത്തെ കോന്തിപുലത്തുള്ള മുരിയാട് കര്‍ഷക മുന്നേറ്റത്തിന്റെ സമരപന്തലിലേക്കായിരുന്നു. റോഡില്‍ കാര്‍ നിര്‍ത്തി കനാല്‍ ബണ്ടിലൂടെ ഏറെ ദൂരം നടന്നാണ് വി.എസ്. സമരപന്തലിലെത്തിയത്. ആവേശപൂര്‍വമാണ് വി.എസി.നെ കര്‍ഷകര്‍ എതിരേറ്റത്.

കേരള നാട്ടിലെ നെല്‍വയലുകളെ സംരക്ഷിക്കാന്‍…
വെട്ടിനിരത്തിയ വയലുകളെല്ലാം വീണ്ടെടുത്ത വിഎസേ….
നെല്‍വയലുകളെ സംരക്ഷിക്കാന്‍ നിയമത്തിനാണീ പോരാട്ടം….
ധീര സഖാവ് വിഎസ് ഞങ്ങള്‍ക്കൊപ്പം….

എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളോടെയായിരുന്നു കര്‍ഷകര്‍ വിഎസിനെ സമരപന്തലിലേക്ക് ആനയിച്ചത്. സമര പന്തലിലാകട്ടെ ഒരൊറ്റ കസേര മാത്രം അത് വി.എസി.നു വേണ്ടി. ആ കസേരയിലിരുന്ന വി.എസ്. കര്‍ഷകരുടെ പ്രശ്നങ്ങളും ദുരിതങ്ങളും കേട്ടു. ഈ സമയം സമരപന്തലിലേക്ക് കര്കര്ക്കൊഴികെ മറ്റാര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. പോലീസുകാര്‍ക്കു പോലും. പ്രാദേശിക സിപിഎം നേതൃത്വം എതിര്ത്തുനില്ക്കുനോള് പോലും വി.എസ്. സമരപന്തലിലെത്തിയത് വലിയ വാര്‍ത്തയായി മാറി.
ഇനി ഞങ്ങള്‍ എന്തു ചെയ്യണമെന്ന കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സമരപന്തലില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് വി.എസ്. കര്‍ഷകരോടായി പറഞ്ഞു. പോരാട്ടങ്ങള്‍ നിര്‍ത്തേണ്ടത് ലക്ഷ്യം നേടുമ്പോള്‍ മാത്രമാണ്. ഈ വാക്കുകള്‍ കര്‍ഷക ജനതക്ക് പോരാട്ട വീര്യം പകര്‍ന്നു. തങ്ങള്‍ക്കൊപ്പമാണ് വി.എസ്. എന്ന് ആ വാക്കുകളിലൂടെ മുരിയാടുള്ള കര്‍ഷക ജനത തിരിച്ചറിഞ്ഞു. ഇതോടെ സമരത്തിന്റെ ഗതി മാറി. സമരം ശക്തിയായി, ദേശീയനേതാക്കള്‍ വരെ സമര പന്തലിലെത്തി. അവസാനം നെല്‍വയല്‍ സംരക്ഷണ നിയമവും മുരിയാടിനു വേണ്ടിയുള്ള പ്രത്യേക പാക്കേജും നല്കി സമരം വിജയം കണ്ടു. കളിമണ്‍ ഖനന മാഫിയക്കും ഭൂമാഫിയക്കും താക്കീത് നല്‍കുന്നതായിരുന്നു ഈ സന്ദര്‍ശനം.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.ആര്. വിജയയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വി.എസ്. എത്തിയതും നേരത്തെയുള്ള അറിയിപ്പുകള് ഒന്നും കൂടാതെയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് വി.എസ്. എത്തുമെന്ന അറിയിപ്പ് ലഭിക്കുന്നത്. പ്രാദേശിക ചാനലുകളില്‍ അറിയിപ്പുകള് വന്നു. ആല്‍ത്തറയ്ക്ക് അടുത്തുള്ള പറമ്പായിരുന്നു പ്രചരണവേദി. ജനം ഒഴുകുകയായിരുന്നു പ്രചരണകേന്ദ്രത്തിലേക്ക്. എറെ വൈകിയാണ് വി.എസ്. എത്തിയത്.

പ്രചരണത്തിന്റെ സമയം കഴിഞ്ഞു. മൈക്ക് ഉപയോഗിക്കുന്നില്ല, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെയും ഇടതുപക്ഷത്തെയും വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥന അടക്കം എതാനും വാചകങ്ങള്‍. 2015 ജനുവരിയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിനാണ് ഇരിങ്ങാലക്കുടയില്‍ വി.എസ്. ഒടുവില്‍ എത്തിയത്. ടൗണ്‍ ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം പിണറായി വിജയന് ഉദ്ഘാടനം ചെയ്പ്പോള്‍ അയ്യങ്കാവ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് വി.എസ്.. പ്രതിനിധി സമ്മേളനത്തിലും വി.എസ്. പങ്കെടുത്തിരുന്നു.
