അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള കൊടിയിറങ്ങി

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയില്‍ സംവിധായകന് രാംദാസ് കടവല്ലൂരിനെ തൃശൂര്‍ കില കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശ്രീകുമാര്‍ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടി അദ്രയിയും മണ്ണും. സ്വതന്ത്ര ഇന്ത്യയിലെ തന്നെ ആദ്യ പരിസ്ഥിതി സമരങ്ങളിലൊന്നായ ചാലിയാര്‍ സമരത്തിന്റെ നായകനായ കെ.എ. റഹ്മാന്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന അദ്രയി എഴുത്തുകാരി കൂടിയായ ഫര്‍സാനയുടെ സൃഷ്ടിയാണ്. മൂന്നാറില്‍ ഭൂമിക്കും മണ്ണിനും അവകാശങ്ങള്‍ക്കുമായി പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന രാംദാസ് കടവല്ലൂരിന്റെ മണ്ണും സെന്റ് ജോസഫ്സ് കോളജില്‍ നടന്ന മേളയുടെ പ്രധാന ആകര്‍ഷണമായി.
പ്രദര്‍ശനാനന്തരം നടന്ന സംവാദത്തിന് ശേഷം സംവിധായകന് രാംദാസ് കടവല്ലൂര്‍, ഫോട്ടോഗ്രാഫര്‍ പ്രതാപ് ജോസഫ് എന്നിവരെ തൃശൂര്‍ കില കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശ്രീകുമാര്‍ ആദരിച്ചു. പരിസ്ഥിതി മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരായ അജയ് കോവൂര്‍, കെ. ബിനു മാസ്റ്റര്‍, അരവിന്ദ് മോഹന്‍രാജ്, ഇ.ജി. ശ്രീകാന്ത്, കെ.വി. ബിനോജ് എന്നിവരും മേളയുടെ സാന്നിധ്യങ്ങളായി. വൈകീട്ട് നടന്ന സമാപന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, സംവിധായകന് പ്രതാപ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് രണ്ടാമത് പരിസ്ഥിതി ചലച്ചിത്രമേളയുടെ കൊടിയിറക്കി.