കാലിക്കട്ട് സർവ്വകലാശാലയുടെ കായിക കിരീടം തുടർച്ചയായി ഒൻപതാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്

കാലിക്കട്ട് സർവ്വകലാശാലയുടെ 2024- 25 അധ്യയനവർഷത്തെ കായിക കിരീടം സ്വന്തമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: കാലിക്കട്ട് സർവ്വകലാശാലയുടെ 2024- 25 അധ്യയനവർഷത്തെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി. തുടർച്ചയായി ഒൻപതാം തവണയാണ് ക്രൈസ്റ്റ് കോളജ് കായിക മികവിൻ്റെ ഈ കിരീടം സ്വന്തമാക്കുന്നത്. ആകെ 2981 പോയിൻ്റുകൾ നേടി വ്യക്തമായ അധിപത്യത്തിലൂടെയാണ് ക്രൈസ്റ്റ് ഒന്നാമതെത്തിയത്. പുരുഷ, വനിതാ വിഭാഗങ്ങളിൽ ഒന്നാമതെത്തിയതും ക്രൈസ്റ്റ് കോളജ് തന്നെയാണ്. ആരോഗ്യമുള്ള ഒരു യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോളജ് മാനേജ്മെൻ്റിൻ്റെയും പരിശീലകരുടെയും വിദ്യാർഥികളുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് ക്രൈസ്റ്റ് കോളജിനെ കായിക രംഗത്ത് തുടർച്ചയായി ഒന്നാംസ്ഥാനത്ത് നിലനിർത്തുന്നത്. കേരള സ്പോർട്സ് കൗൺസിലിൻറെ അഞ്ച് ടീമുകൾ ക്രൈസ്റ്റ് കോളജിൽ പരിശീലിക്കുന്നു.
കേരള സ്പോർട്സ് കൗൺസിലിൻ്റെ അകമഴിഞ്ഞ പിന്തുണയും പരിശീലകരുടെയും കായികതാരങ്ങളുടെയും ചിട്ടയായ പരിശീലനവും പ്രകടനവും ക്രൈസ്റ്റ് കോളജിൻ്റെ വിജയത്തിന് പിന്നിലുണ്ട്. ദീർഘകാലം ക്രൈസ്റ്റ് കോളജിൽ കായിക അധ്യാപകനും ഇപ്പോൾ കോളജിൻ്റെ മാനേജറുമായ ഫാ. ജോയ് പീണിക്കപ്പറമ്പിലിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലം കൂടിയാണ് കായിക രംഗത്തുള്ള ക്രൈസ്റ്റിൻ്റെ വളർച്ച. സർവകലാശാലാ തലത്തിലുള്ള മത്സരങ്ങളിൽ മികച്ച പ്രകടനത്തോടൊപ്പം ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള വിജയങ്ങളും ക്രൈസ്റ്റിൻ്റെ വിജയത്തിൽ നിർണായകമായി.
പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച പരിശീലനം ഒരുക്കുന്നതിനും കോളേജ് കായിക വിഭാഗം മേധാവി ഡോ. ബിൻ്റു ടി. കല്യാൺ, അധ്യാപകരായ ഡോ. കെ.എം. സെബാസ്റ്റ്യൻ, എം.എൻ. നിതിൻ എന്നിവരും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കായികരംഗത്ത് തുല്യപ്രാധാന്യത്തോടെ നൽകുന്ന പരിശീലനമാണ് ഇരുവിഭാഗങ്ങളിലും മികച്ച നിൽക്കാൻ ക്രൈസ്റ്റിനെ സഹായിക്കുന്നതെന്ന് പ്രിൻസിപ്പൽ റവ.ഡോ. ജോളി ആൻഡ്രൂസ് അഭിപ്രായപ്പെട്ടു. കാലിക്കട്ട് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട പരിപാടിയിൽ കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനിൽ നിന്നും മാനേജർ ഫാ. ജോയി പീണിക്കപ്പറമ്പിലും അധ്യാപകരും വിദ്യാർഥികളും ചേർന്ന് കായിക മികവിൻ്റെ കിരീടം ഏറ്റുവാങ്ങി.