കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു

കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണം ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം കഥകളിയില്‍ സുന്ദരബ്രാഹ്മണനായി കലാമണ്ഡലം ശ്രീകുമാര്‍, രുഗ്മിണിയായി കലാമണ്ഡലം സാജന്.
ഇരിങ്ങാലക്കുട: കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പനുസ്മരണം സംഘടിപ്പിച്ചു. ഉണ്ണിക്കൃഷ്ണക്കുറുപ്പും ആധുനികസംഗീതവും എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ മാധ്യമപ്രവര്ത്തകന് സി.കെ. ദിനേശ് ഉണ്ണിക്കൃഷ്ണക്കുറുപ്പ് സ്മാരകപ്രഭാഷണം നടത്തി. രുക്മിണീസ്വയംവരം കഥകളിയില്‍ കലാമണ്ഡലം സാജന് രുക്മിണിയായും, കലാമണ്ഡലം ശ്രീകുമാര്‍ സുന്ദരബ്രാഹ്മണനായും, കോട്ടയ്ക്കല്‍ സുധീര്‍ ശ്രീകൃഷ്ണനായും വേഷമിട്ടു. കോട്ടയ്ക്കല്‍ നാരായണന്, അഭിജിത് വാരിയര്‍ എന്നിവര്‍ സംഗീതത്തിലും കോട്ടയ്ക്കല്‍ പ്രസാദ് ചെണ്ടയിലും കലാമണ്ഡലം വരവൂര്‍ ഹരിദാസന് മദ്ദളത്തിലും പശ്ചാത്തലമൊരുക്കി.
കലാനിലയം ദേവദാസ് ചുട്ടികുത്തി. കലാമണ്ഡലം മനേഷ്, ഇരിങ്ങാലക്കുട നാരായണന്‍കുട്ടി എന്നിവരുടെ അണിയറ സഹായത്തോടെ ശ്രീപാര്‍വതി കലാകേന്ദ്രം, ഇരിങ്ങാലക്കുട ചമയമൊരുക്കി. കുറുപ്പാശാന്റെ ഛായാചിത്രത്തിനുമുമ്പില്‍ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരിയും പാലനാട് ദിവാകരനും ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. കഥകളിസംഗീതത്തിന് ആദ്യമായി ചെന്നൈ മ്യൂസിക് അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ച ശതാഭിഷിക്തനായ മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരിയെ അനുസ്മരണസമിതി അധ്യക്ഷന്‍ സി.പി. കൃഷ്ണന് പൊന്നാട ചാര്‍ത്തി ആദരിച്ചു.