ജൂൺ 23 മുതൽ സ്വദേശികൾക്കും വിദേശികൾക്കും യാത്രാനുമതി നൽകാനൊരുങ്ങുന്ന യു.എ.ഇ കൂടുതൽ നിർദ്ദേശങ്ങൾ പുറത്തുവിട്ടു.
ജൂൺ 23 മുതൽ യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും കൊറോണ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സഞ്ചരിക്കാം.എന്നാൽ ഇടത്തരം അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്ക് ചികിത്സക്കായും , അടുത്ത ബന്ധുവിനെ സന്ദർശിക്കാനും പോകാൻ മാത്രമേ അനുമതി നൽകൂ. നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇളവുണ്ട്. അപകടസാധ്യത കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് തുടരുമെന്ന് യുഎഇ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി എന്നിവ അറിയിച്ചു.ഓരോവിഭാഗത്തിലും പെടുന്ന രാജ്യങ്ങളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.അതേസമയം കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ് 10 നഗരങ്ങളിലേക്കു കൂടി സർവീസ് നടത്തും. ഇതോടെ എമിറേറ്റ്സ് സർവീസ് പുനരാരംഭിച്ച നഗരങ്ങളുടെ എണ്ണം 40 ആകും.